
തിരുവനന്തപുരം: പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് കോടികൾ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ശാസ്തമംഗലം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഗ്രാവിറ്റി വെഞ്ച്വർ നിധിയുടെ മാനേജിംഗ് ഡയറക്ടർ മാർത്താണ്ഡം സ്വദേശി കെ.എസ്.ബിജുവിനെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ 12 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
പണം നിക്ഷേപിച്ചാൽ ഒരു വർഷംകൊണ്ട് ഇരട്ടിയാക്കി നൽകുമെന്നായിരുന്നു വാഗ്ദാനം. ഓഹരിക്കച്ചവടത്തിന്റെ പേരിലാണ് ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ആദ്യം ഒരുലക്ഷം അടക്കമുള്ള ചെറിയ തുക നിക്ഷേപിച്ചവർക്ക് ഇരട്ടിയാക്കി നൽകി. വിരമിച്ച സർക്കാർ ജീവനക്കാരായിരുന്നു ശാസ്‌തമംഗലം ബ്രാഞ്ചിൽ പണം നിക്ഷേപിച്ചവരിൽ ഏറെയുമെന്ന് പൊലീസ് പറഞ്ഞു. ചെറുകിട ധനകാര്യ സ്ഥാപനങ്ങളും ഇവിടെ നിക്ഷേപം നടത്തി. 10 ലക്ഷം നിക്ഷേപിച്ചവർക്ക് 20 ലക്ഷംവരെ കൊടുത്തു. ഒടുവിൽ വൻതുക എത്തിയതോടെ മുഴുവൻ പണവുമായി ഇയാൾ മുങ്ങുകയായിരുന്നു.
തുടർന്നാണ് ഇടപാടുകാർ പരാതിയുമായി രംഗത്തെത്തിയത്. നെടുമങ്ങാട്,നെയ്യാറ്റിൻകര,വട്ടപ്പാറ എന്നിവിടങ്ങളിലും ഈ സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ടായിരുന്നു. അവിടെയുള്ളവരും തട്ടിപ്പിന് ഇരയാവുകയും പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. മ്യൂസിയം സി.ഐ വിമൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാൻഡ് ചെയ്‌തു.