k

തിരുവനന്തപുരം: പാഴ്‌വസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്നതാണ് ഇടപ്പഴിഞ്ഞി സി.എസ്.എം നഗർ സ്വദേശിയായ ലേഖയുടെ ഹോബി.വർഷങ്ങളായി നിർമ്മിച്ച 1000ലേറെ വസ്തുക്കൾ ശേഖരിച്ച് വീട്ടിൽ തന്നെ ആർട്ട് ഗ്യാലറിയും സജ്ജീകരിച്ചു.

ഈ ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം സംഗീതസംവിധായകൻ എം.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുൻ പി.എസ്.സി അംഗം ആർ.പാർവതി ദേവി,ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ്.ആർ.ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു. കമ്മൽ,മാല,വള,ക്ലിപ്പുകൾ തുടങ്ങിയ വസ്തുക്കളാണ് ലേഖ നിർമ്മിച്ചിട്ടുള്ളത്. ട്രാക്കോ കേബിൾ കമ്പനിയുടെ സീനിയർ മാനേജരായി 2017ൽ വിരമിച്ച ശേഷമാണ് കരകൗശല വസ്കുക്കൾ നിർമ്മിക്കുന്നതിൽ മുഴുകിയത്. ഇപ്പോൾ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലയസൺ ഓഫീസറാണ്.ജോലിത്തിരക്കുകൾക്കിടയിലും വസ്തുക്കൾ നിർമ്മിക്കുന്നതിന് സമയം കണ്ടെത്തും.'ഇവയിൽ ഒന്നുപോലും വില്പനയ്ക്കല്ല. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം...' ലേഖ പറയുന്നു.

ഇന്നലെ നടന്ന പരിപാടിയിൽ ലേഖ പഠിച്ച ഫോർട്ട് മിഷൻ സ്കൂളിലെ 100ലേറെ കുട്ടികൾ ഗ്യാലറി സന്ദർശിച്ചു. വരും ദിവസങ്ങളിലും കുട്ടികൾക്ക് സന്ദർശിക്കാൻ അവസരമൊരുക്കും. കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നതിന് യൂണിവേഴ്സൽ റെക്കാഡ് ലഭിച്ചിട്ടുണ്ട്. ഗിന്നസ് റെക്കാഡിന്റെ പ്രാഥമികഘട്ടം വിജയിച്ചു.ഭർത്താവ് ഇടപ്പഴിഞ്ഞി രാധാകൃഷ്ണൻ വ്യവസായ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. മക്കൾ: വിഷ്ണു(ക്യാൻകോർ ഇൻഗ്രീഡിയന്റ് ബിസിനസ് മാനേജർ),ഡോ.രേണുക(ഹോമിബാബ ക്യാൻസർ സെന്ററിലെ മെഡിക്കൽ ഓഫീസർ).മരുമക്കൾ ചാന്ദിനി(ഗായിക),ഹരി കല്ലിക്കാട്(സെക്രട്ടറി യു.ടി ചണ്ഡിഗർ).ചെറുമകൾ: ജാൻകി.