p

തിരുവനന്തപുരം: സ്കൂൾ കലോത്സവ വേദികളിലെ അനാരോഗ്യകരമായ പ്രതിഷേധങ്ങൾക്ക് കടിഞ്ഞാണിടാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. മത്സരം തടസപ്പെടുംവിധമുള്ള പ്രതിഷേധത്തിന് കുടപിടിക്കുന്ന എസ്കോർട്ടിംഗ് ടീച്ചേഴ്സിനെതിരെ പരാതികളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് തീരുമാനം. കുട്ടികളിൽ അനാരോഗ്യകരമായ മത്സരസ്വഭാവം വളർത്തുന്നതിൽ എസ്‌കോർട്ടിംഗ് ടീച്ചേഴ്സിനും രക്ഷിതാക്കളും പങ്കുണ്ടെന്നതിനാലാണ് അദ്ധ്യാപകരെ തിരുത്താൻ വകുപ്പ് ഒരുങ്ങുന്നത്.

ഗ്രേഡിന്റെയും ഒന്നാംസ്ഥാനത്തിന്റെയും പേരിൽ ഉപജില്ലാതലം മുതൽതന്നെ മത്സരവേദികൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ പതിവാണ്. അപ്പീലിന് അവസരമുള്ളപ്പോഴും പരിപാടികൾ തടസപ്പെടുത്തുന്ന പ്രതിഷേധങ്ങൾ കൺവീനർമാരെയാണ് വെട്ടിലാക്കുന്നത്. പ്രതിഷേധം കാരണം പല മത്സരങ്ങളും അർദ്ധരാത്രിവരെ നീളാറുണ്ട്. പല വേദികളിലും രക്ഷിതാക്കളും എസ്കോർട്ടിംഗ് ടീച്ചേഴ്സും ചേർന്ന് മനഃപൂർവം കുട്ടികളെ വേദിയിലേക്ക് വിട്ട് മത്സരം തടസപ്പെടുത്തുന്നതെന്നാണ് കൺവീനർമാരുടെ പരാതി. ഒരുവർഷം സംസ്ഥാനതല മത്സരത്തിൽ പ്രതിഷേധം രൂക്ഷമായതിനാൽ ഒരു സ്കൂളിന് വിലക്കേർപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. കുട്ടികളെ ബാധിക്കുന്നതിനാൽ കോടതി ഇടപെട്ടാണ് ഈ വിലക്ക് നീക്കിയത്.

എസ്കോർട്ടിംഗ് ടീച്ചേഴ്സ് അനാരോഗ്യകരമായ പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുകയോ പ്രതിഷേധത്തിന്റെ ഭാഗമാവുകയോ ചെയ്യുന്നതായി പരാതി ലഭിച്ചാൽ നടപടിയെടുക്കും. അതേസമയം,വിധിനിർണയം സുതാര്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

-ആർ.എസ്.ഷിബു

പൊതുവിദ്യാഭ്യാസ അഡിഷനൽ ഡയറക്ടർ (ജനറൽ)​

ജനറൽ കൺവീനർ,​ സംസ്ഥാന സ്കൂൾ കലോത്സവം