
പാലോട്: നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകളിൽ തെരുവുനായ്ക്കൂട്ടം ശല്യമാകുന്നു. ഇതിനെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തം.
പെരിങ്ങമ്മല ജംഗ്ഷൻ,ആശുപത്രി കോമ്പൗണ്ട്,കുശവൂർ,തെന്നൂർ,കോളേജ് ജംഗ്ഷൻ,പാലോട് ആശുപത്രി ജംഗ്ഷൻ,നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ,പച്ച ശാസ്താ ക്ഷേത്രം,ഓട്ടുപാലം,കാലൻകാവ്,പൊട്ടൻചിറ,വട്ടപ്പൻകാട്,ആലുമ്മൂട് എന്നിവിടങ്ങളിലാണ് ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും തെരുവുനായ ഭീഷണിയാകുന്നത്. രാത്രിയിലെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി ഇരുചക്ര വാഹനയാത്രക്കാർക്കാണ് പരിക്കേറ്റത്.വളർത്തുമൃഗങ്ങളെയും ആക്രമിക്കാറുണ്ട്.
പൊതുനിരത്തിൽ തള്ളുന്ന ഫാമുകളിലെ മാലിന്യമാണ് ഇവ ഭക്ഷിക്കുന്നത്.ഒഴിഞ്ഞ പറമ്പുകൾ,പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ,ഇടവഴികൾ എന്നിവിടങ്ങളാണ് നായ്ക്കളുടെ പ്രധാന താവളം.നഗരത്തിൽ നിന്ന് പിടികൂടിയ നായ്ക്കളെ ഗ്രാമ പ്രദേശങ്ങളിൽ കൊണ്ടുതള്ളുന്നതായും നാട്ടുകാർ പറഞ്ഞു.
നടപടിയാകാതെ ഷെൽട്ടർ
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നായ്ക്കൾക്കായി ഷെൽട്ടർ ഒരുക്കാനായി കണ്ടെത്തിയത് പാങ്ങോട് പഞ്ചായത്തിലാണ്.ഒരേക്കർ സ്ഥലമാണ് പദ്ധതിക്കായി വേണ്ടത്.പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻപോലും ത്രിതലപഞ്ചായത്ത് ഭരണസമിതികൾക്ക് കഴിഞ്ഞില്ല. ഓരോ പഞ്ചായത്തും നിശ്ചിതതുക പദ്ധതിയിലേക്കായി നൽകണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടും പഞ്ചായത്തധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.തെരുവുനായ്ക്കളുടെ എണ്ണമെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടും പാലിക്കാതെ 200റോളം നായ്ക്കളുടെ കണക്കാണ് പല പഞ്ചായത്തും നൽകിയത്.
ഭീതിയിൽ
പാലോട് സർക്കാർ ആശുപത്രി, പഴയ കെ.എസ്.ആർ.ടി.സി, നന്ദിയോട് മാർക്കറ്റ്, നന്ദിയോട് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസ് എന്നീ പരിസരങ്ങളിൽ നായ്ക്കളുടെ ശല്യം രൂക്ഷമാണ്.അല്പം ശ്രദ്ധ മാറിയാൽ കടിയേൽക്കുമെന്ന് ഉറപ്പാണ്.നിരവധി തവണ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഫലപ്രദമാകാതെ കുത്തിവയ്പ്
അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പിന് നന്ദിയോട് പഞ്ചായത്തിൽ തുടക്കമായെങ്കിലും ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ലെന്നാണ് ആക്ഷേപം.നിലവിൽ 400ലധികം നായ്ക്കൾക്ക് വാക്സിൻ നൽകിയതായും ശേഷിക്കുന്നവയെ കൂടി കണ്ടെത്തി വാക്സിൻ നൽകുമെന്നുമാണ് അധികാരികൾ പറയുന്നത്.
എ.ബി.സി പദ്ധതി പഞ്ചായത്തുതലത്തിൽ നടത്താൻ സർക്കാർ ഉത്തരവുണ്ടെങ്കിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. ഇത് പൂർത്തിയാക്കിയാൽ അടിയന്തര പ്രാധാന്യത്തോടെ പദ്ധതി നടപ്പിലാക്കും
ഡോ.ദിവ്യ. പി.സി,വെറ്ററിനറി സർജൻ,
സർക്കാർ മൃഗാശുപത്രി, നന്ദിയോട്