പാലോട്: അഞ്ച് വർഷത്തെ കാത്തിരിപ്പിനും സമരങ്ങൾക്കുമൊടുവിൽ ചെല്ലഞ്ചി പാലത്തിലൂടെയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസിന് ഇന്ന് തുടക്കമാകും.ചെല്ലഞ്ചി ആക്ഷൻ കൗൺസിൽ ചെയർമാൻ ബൈജു ചെല്ലഞ്ചിയുടെയും വിനോദ് സപ്തപുരത്തിന്റെയും നേതൃത്വത്തിൽ ഡി.കെ.മുരളി എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് സർവീസാരംഭിക്കുന്നത്.
പാലോട് - ചെല്ലഞ്ചിപാലം - പരപ്പിൽ വഴി കല്ലറയിലേക്കുള്ള ആദ്യ സർവീസ് ഇന്ന് രാവിലെ 8ന് ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.കൂടാതെ ചെല്ലഞ്ചിയിലെ സാമൂഹ്യവിരുദ്ധ ശല്യത്തിന് അറുതി വരുത്താനായി ക്യാമറ സ്ഥാപിക്കണമെന്ന് നന്ദിയോട് പഞ്ചായത്തധികൃതർക്ക് നിവാസികളുടെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. ഇതിനെതുടർന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ക്യാമറ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ അറിയിച്ചു.ചുമതല കെൽട്രോണിന് നൽകിയതായും പറഞ്ഞു.
ചെല്ലഞ്ചികടവിൽ വിദ്യാർത്ഥികളടക്കം മുങ്ങിമരിച്ചത് അഞ്ചോളം പേരാണ്.ക്യാമറ സ്ഥാപിക്കുന്നതോടെ ഇതിനും പരിഹാരമാകുമെന്ന സന്തോഷത്തിലാണ് പ്രദേശവാസികൾ.