a

എല്ലാ ആനുകൂല്യങ്ങളും എല്ലാക്കാലത്തും ലഭിച്ചുകൊള്ളണമെന്നില്ല. പകുതിയോളം വില കേന്ദ്രം സബ്‌സിഡിയായി തന്നാണ് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക കുറ്റികൾ വിതരണം ചെയ്തിരുന്നത്. ഇപ്പോൾ സബ്‌സിഡി ഇല്ലെന്നു മാത്രമല്ല,​ പാചക വാതകത്തിന്റെ വില പല മടങ്ങ് വർദ്ധിക്കുകയും ചെയ്തു. സബ്‌സിഡികൾ നൽകുക എന്ന നയത്തിൽ നിന്ന് സബ്‌സിഡികൾ നിറുത്തലാക്കേണ്ടതാണ് എന്ന നയത്തിലേക്ക് സർക്കാർ മാറുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും. സാമാന്യം നല്ല തുകയാണ് വൈദ്യുതി ചാർജായി സംസ്ഥാന സർക്കാർ ‌ഈടാക്കുന്നത്. വാട്ടർ ചാർജും മൂന്നിരട്ടിയോളം കൂടി. ഭൂമിയുടെ രജിസ്ട്രേഷൻ ഉൾപ്പെടെ എല്ലാവിധ കാര്യങ്ങൾക്കും ചാർജ് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതേസമയം,​ നികുതിയും ഫീസുമൊക്കെ കൂട്ടിയിട്ടും ദൈനംദിന ചെലവുകൾക്കും ശമ്പളം നൽകുന്നതിനു പോലും കടമെടുക്കേണ്ട അവസ്ഥയിലാണ്,​ സർക്കാർ! ഈ മാസം 19-ന് 1249 കോടി രൂപ വായ്‌പയെടുക്കാൻ പോവുകയാണ്. ഒക്ടോബർ 30-ന് 1000 കോടിയും 24-ന് 1500 കോടിയും വായ്പയെടുത്തതിന് പുറമെയാണിത്. ഇങ്ങനെ കടമെടുത്ത് എത്രനാൾ മുന്നോട്ടു പോകാൻ കഴിയും?

​കുറച്ചുനാൾ കഴിയുമ്പോൾ പുതിയ സാമ്പത്തിക സ്രോതസുകൾ സർക്കാർ കണ്ടുപിടിച്ചില്ലെങ്കിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ തന്നെ കഴിയാതെ വരും. ‌ഈ പശ്ചാത്തലത്തിൽ വേണം,​ സർക്കാർ സഹായത്തോടെ (ഗ്രാന്റ് ഇൻ എയ്‌ഡ്) പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ചെലവിൽ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നതിനെ വീക്ഷിക്കാൻ. ഈ സ്ഥാപനങ്ങളിൽ ശമ്പളവും പെൻഷനും മറ്റു ചെലവുകളും സർക്കാരിന്റെ ബാദ്ധ്യതയല്ലെന്ന് ധനവകുപ്പ് ഒരു സർക്കുലറിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ശമ്പള വർദ്ധനയ്ക്കും കുടിശികയ്ക്കും അവകാശമുന്നയിച്ച് ജീവനക്കാർ കോടതികളെ സമീപിച്ചാൽ,​ സർക്കാരിന് ബാദ്ധ്യതയില്ലെന്ന് സത്യവാങ്മൂലം നൽകണമെന്നും സ്ഥാപന- വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇനി,​ അനുകൂല വിധിയുണ്ടായി,​ സർക്കാർ പണം നൽകേണ്ടിവന്നാൽ അത് സ്ഥാപന മേധാവിയിൽ നിന്ന് ഈടാക്കും.

വിവിധ വകുപ്പുകൾക്കു കീഴിൽ ഇരുന്നൂറോളം ഗ്രാന്റ് ഇൻ എയ്‌ഡ് സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. നൂറുകണക്കിന് ജീവനക്കാർ ഈ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. സാഹിത്യ അക്കാഡമി, ഖാദി ഗ്രാമവ്യവസായ ബോർഡ്, ചലച്ചിത്ര അക്കാഡമി, ലളിതകലാ അക്കാഡമി, കേരള കലാമണ്ഡലം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ലൈബ്രറി കൗൺസിൽ, മനുഷ്യാവകാശ കമ്മിഷൻ, സാക്ഷരതാ മിഷൻ, സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ ഇക്കുട്ടത്തിൽ പ്രധാനമാണ്. ഈ സ്ഥാപനങ്ങൾ അവരുടേതായ നിലയിൽ ചെറുതും വലുതുമായ സംഭാവനകൾ സമൂഹത്തിന് നൽകിവരികയാണ്. ഇവയ്ക്കുള്ള സഹായധനം ഒറ്റയടിക്ക് നിറുത്തുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. അത് ഈ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ ധനമുണ്ടാക്കാൻ പര്യാപ്തമാകും വരെ തുടരേണ്ടതാണ്.

അതേസമയം സംസ്ഥാനത്തിന്റെ കണ്ണായ സ്ഥലങ്ങളിൽ കെട്ടിടവും വസ്തുക്കളുമുള്ള ഈ സ്ഥാപനങ്ങൾ ധനം സമ്പാദിക്കാനുള്ള പുതിയ സ്രോതസുകൾ കണ്ടെത്താൻ മാർഗങ്ങൾ തേടണം. നിലവിലെ നിയമം അതിന് തടസം നിൽക്കുന്നെങ്കിൽ അത് മാറ്റിക്കൊടുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. കൈ കെട്ടിയിട്ട് നീന്താൻ പറഞ്ഞാൽ നടക്കില്ല. ഒരു വഴി അടയുമ്പോൾ ഒൻപതു വഴി തുറക്കുമെന്നാണല്ലോ പ്രമാണം. അഹോരാത്രം സർക്കാരിന്റെ സഹായമെന്ന അമ്മപ്പാൽ മാത്രം നുകർന്നുകൊണ്ടിരുന്നാൽ സ്വന്തം നിലയിൽ വളരാൻ ആ സ്ഥാപനങ്ങൾ ഒരിക്കലും ശ്രമിക്കില്ല. സർക്കാരിന്റെ പുതിയ തീരുമാനം 'ഉർവശീ ശാപം ഉപകാര"മായതുപോലെ ഒരുപക്ഷേ ഭാവിയിൽ ആ സ്ഥാപനങ്ങളെ സ്വന്തംകാലിൽ നിൽക്കാനാവും അവസരമൊരുക്കുക.