നെയ്യാറ്റിൻകര: നിയോജകമണ്ഡലത്തിലെ പാഞ്ചിക്കാട്ട് കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി കെ.ആൻസലൻ എം.എൽ.എ അറിയിച്ചു. റോഡിന്റെ നിർമ്മാണത്തിനും വീതികൂട്ടലിനുമായി 8കോടി 28 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രൊപ്പോസൽ ചീഫ്എൻജിനിയർ സമർപ്പിച്ചിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ച സർക്കാർ ഭൂമി ഏറ്റെടുക്കലിനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയായിരുന്നു. ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യപ്രകാരമാണ് തിരുപുറം-ചെങ്കൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാഞ്ചിക്കാട്ട് കടവ് പാലം യാഥാർത്ഥ്യമായത്. നെയ്യാറിന് കുറുകെ പാലം നിർമ്മിച്ചെങ്കിലും അപ്രോച്ച് റോഡെന്ന ആവശ്യത്തിന് പുറമെ കെ.ആൻസലൻ എം.എൽ.എയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഭരണാനുമതി ലഭിച്ചത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ നിലവിലുള്ള ഗതാഗതക്ലേശത്തിന് പരിഹാരമാകും.