
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം 18ന് പ്രസിദ്ധീകരിക്കാൻ ഡീലിമിറ്റേഷൻ കമ്മിഷൻ തീരുമാനിച്ചു. ഇതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നു വരെ സ്വീകരിക്കും. വാർഡ് പുനർവിഭജനത്തിനായി ജില്ലാ കളക്ടർമാർ സമർപ്പിച്ച കരട് നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മിഷൻ യോഗം വിശദമായി പരിശോധിച്ചു.
പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ജില്ലാ കളക്ടറേറ്റുകളിലും ഡീലിമിറ്റേഷൻ കമ്മിഷൻ ഓഫീസിലും സമർപ്പിക്കാം. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പ് ഉപയോഗിച്ചാണ് വാർഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
പെൻഷൻ കുടിശിക
നൽകണം:
എൻ.ജെ.പി.യു
തിരുവനന്തപുരം: മാദ്ധ്യമ മേഖലയിൽ നിന്നും വിരമിച്ച നോൺ ജേർണലിസ്റ്റ് വിഭാഗം ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതിയിലെ കുടിശിക നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് നോൺ ജേർണലിസ്റ്റ് പെൻഷനേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറുമാസത്തിനുള്ളിൽ മൂന്ന് ഗഡുക്കളായി കുടിശിക ലഭിക്കേണ്ടവർക്കെല്ലാം നൽകണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ സംസ്ഥാന ഭാരവാഹികളായ വി.ബാലഗോപാലൻ, ഇ.എം. രാധ, എം.കെ.കമലൻ എന്നിവർ ധനമന്ത്രിക്ക് നിവേദനം നൽകി.
ആന്ധ്രയിൽ നിന്ന് രണ്ട് ശബരി
സ്പെഷ്യൽ ട്രെയിനുകൾ കൂടി
തിരുവനന്തപുരം: നേരത്തെ അനുവദിച്ച എട്ട് സ്പെഷ്യൽ ട്രെയിനുകൾക്ക് പുറമെ ആന്ധ്രയിൽ നിന്ന് രണ്ട് ശബരി സ്പെഷ്യൽ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചു. ഹൈദരാബാദിനടുത്തുള്ള മൗല അലി റെയിൽവേ സ്റ്റേഷൻ,മിച്ചലിപുരം എന്നിവിടങ്ങളിൽ നിന്ന് വാറങ്ങൽ,ഖമ്മം,വിജയവാഡ,നെല്ലൂർ,കോയമ്പത്തൂർ,പാലക്കാട്,എറണാകുളം,കോട്ടയം,ചെങ്ങന്നൂർ വഴി കൊല്ലത്തേക്കാണ് സർവീസ്.
മൗല അലിയിൽ നിന്ന് നവംബർ 22,29 തീയതികളിൽ രാവിലെ 11.30ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7ന് കൊല്ലത്തെത്തും. 24,ഡിസംബർ 1 തീയതികളിൽ പുലർച്ചെ 2.30നാണ് കൊല്ലത്തുനിന്നുള്ള മടക്കസർവീസ് (ട്രെയിൻ നമ്പർ 07143/07144). മിച്ചലിപുരത്തുനിന്നുള്ള സർവീസ് നവംബർ 18,25തീയതികളിൽ വൈകിട്ട് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 9.30ന് കൊല്ലത്തെത്തും. 20,26 തീയതികളിൽ പുലർച്ചെ 2.30നാണ് മടക്കസർവീസ് (ട്രെയിൻ നമ്പർ 07145/07146).