hi

കിളിമാനൂർ: ചലനശേഷി നഷ്ടപ്പെടുത്തിയ വിധിയെ തോൽപ്പിച്ച് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ നിർമ്മിക്കുകയാണ് രഞ്ജിനി. ഭക്തിപൂർവം നിർമ്മിക്കുന്ന നെറ്റിപ്പട്ടങ്ങൾക്ക് ആവശ്യക്കാരുമേറെ. കുട്ടിക്കാലത്ത് ആനയോടും നെറ്റിപ്പട്ടങ്ങളോടും ചമയങ്ങളോടും തോന്നിയ കമ്പമാണ് ചെറുകാരം സ്വപ്നക്കൂട് വീട്ടിൽ രഞ്ജിനിയെ നെറ്റിപ്പട്ടങ്ങളുടെ ലോകത്തെത്തിച്ചത്.

ശിവരാജൻ - ശാന്തമ്മ ദമ്പതികളുടെ ഇളയ മകൾ രഞ്ജിനിക്ക് ചലനശേഷികൾ ദുർബലമാകുന്ന സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അസുഖമാണ്. ഗർഭാവസ്ഥയിൽ തന്നെ രോഗമുണ്ടായിരുന്നെങ്കിലും ജനിച്ച ശേഷമാണ് തിരിച്ചറിഞ്ഞത്. ചികിത്സകൾ പരാജയപ്പെട്ടതോടെ പന്ത്രണ്ടാം വയസിൽ പൂർണമായി കിടപ്പിലായി.

കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും മുന്നിൽ രഞ്ജിനിയുടെ ജീവിതം ചോദ്യചിഹ്നമായി. എന്നാൽ മനകരുത്ത് കൊണ്ട് ദുർബലമായ കൈകളാൽ ഫ്ലവർവെയ്സ്,മാല,കമ്മൽ,പേന എന്നിങ്ങനെ പലതും നിർമ്മിച്ചുതുടങ്ങി. ഇപ്പോൾ കഴിഞ്ഞ നാല് വർഷമായി രഞ്ജിനി നെറ്റിപ്പട്ടവും നിർമ്മിക്കുന്നു.

ആദ്യം യൂട്യൂബും പിന്നീട് പ്രത്ഭരും പഠിപ്പിച്ചു കൊടുത്തു.ഒരു അടി മുതൽ അഞ്ച് അടിവരെയുള്ള നെറ്റിപ്പട്ടങ്ങളാണ് ഇതുവരെ നെയ്‌തെടുത്തത്. കീഴാരൂർ ക്ഷേത്രം,പുതിയകാവ് ക്ഷേത്രം,മഹാദേവേശ്വര ക്ഷേത്രങ്ങൾക്ക് ഉൾപ്പെടെ നെറ്റിപ്പട്ടങ്ങൾ നൽകിയിട്ടുണ്ട്. ഗണപതി,പഞ്ചഭൂതം,ത്രിമൂർത്തികൾ,നവഗ്രഹങ്ങൾ,സപ്തർഷികൾ,അഷ്ടലക്ഷ്മിമാർ,ലക്ഷ്മി,സരസ്വതി, പാർവതി എന്നിങ്ങനെയാണ് നെറ്റിപ്പട്ടത്തിന്റെ നിർമ്മാണ രീതികൾ.

നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ തൃശൂരിൽ നിന്നാണ് വാങ്ങുന്നത്.സ്ഥാപനങ്ങളിലും വീടുകളിലും വാഹനങ്ങളിലും അലങ്കാരത്തിന് ഉപയോഗിക്കുന്ന ഫാൻസി നെറ്റിപ്പട്ടങ്ങൾക്കാണ് ആവശ്യക്കാരേറെ. വിദേശ മലയാളികളും നെറ്റിപ്പട്ടം തേടിയെത്താറുണ്ട്.1500 മുതൽ 12000 വരെയാണ് വില. നിർമ്മിക്കുന്ന നെറ്റിപ്പട്ടങ്ങളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇതുകണ്ടാണ് കൂടുതൽ പേരും ഓർഡർ നൽകുന്നത്.