ksrtc

ഫിറ്റ്നസ് ഇല്ലാത്ത ഒരു ബസ് പോലും ശബരിമല സർവീസിനായി അയയ്ക്കരുത് എന്ന് ഹൈക്കോടതി ശാസനാ രൂപത്തിൽ കെ.എസ്.ആർ.ടി.സിക്ക് മുന്നറിയിപ്പു നൽകിയതോടെ,​ കൈവശമുള്ളതിൽ മെച്ചപ്പെട്ട ബസുകൾ മാത്രം ശബരിമല സർവീസിന് അയയ്ക്കാനാണ് കെ.എസ്.ആർടി.സി മാനേജ്മെന്റിന്റെ തീരുമാനം. പമ്പയിൽ മെക്കാനിക്കൽ ടീമിനെ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എടുക്കുന്ന തീരുമാനങ്ങൾ ശരിയായി നടപ്പിലായാൽ ശരണപാതയിൽ ഭക്തരുടെ ബസ് യാത്ര സുഖകരമാകും.

ശബരിമല സ്പെഷ്യൽ സർവീസിന് 500 മുതൽ 600 വരെ ബസുകളാണ് വേണ്ടത്. ഇതെല്ലാം വിവിധ ഡിപ്പോകളിൽ നിന്ന് നിന്ന് പമ്പയ്ക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ദീർഘദൂര സർവീസിന് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളും പമ്പ, നിലയ്ക്കൽ സർവീസിന് ഓർഡിനറി ബസുകളുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ അയയ്ക്കുന്ന ബസുകളിൽ ആയുസ് നീട്ടികൊടുത്തവയും ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഏറ്റവും ഒടുവിൽ,​ കഴിഞ്ഞ സെപ്തംബറിലാണ് 15 വർഷ കാലാവധി കഴിഞ്ഞ 1117 ബസുകളുടെ കാലവധി രണ്ടുവർഷം കൂടി നീട്ടി നൽകിയത്. കേന്ദ്ര മാനദണ്ഡം അനുസരിച്ച് 15 വർഷം പിന്നിട്ട ബസുകൾ പിൻവലിക്കണം. ബസുകൾ പിൻവലിച്ചാൽ രൂക്ഷമായ യാത്രാക്ലേശമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി സർക്കാരിനെ സമീപിച്ചിരുന്നു. അതു പരിഗണിച്ചാണ് ഇവയുടെ ആയുസ് പതിനേഴു വർഷമാക്കിയത്.

ഇക്കാര്യത്തിൽ സർക്കാരിന്റേത് ഉദാര സമീപനമാണ്. സൂപ്പർ ക്ലാസ് ബസുകൾ അഞ്ചു വർഷം മാത്രം ദീ‌ർഘദൂര സർവീസിന് ഉപയോഗിക്കണമെന്നും,​ അതു കഴിഞ്ഞ് ഓർഡിനറി സർവീസുകൾ നടത്താൻ ഉപയോഗിക്കണമെന്നുമാണ് നിയമം. എന്നാൽ അക്കാര്യത്തിലും വിട്ടുവീഴ്ച പതിവാണ്. 2018-ൽ 159 സൂപ്പർ ക്ലാസ് ബസുകൾ അഞ്ചു വർഷം പൂർത്തിയാക്കിയപ്പോൾ,​ അവയെ രണ്ടുവ‌ർഷം കൂടി സൂപ്പർ ക്ലാസ് റൂട്ടിലോടാൻ അനുവദിച്ചു. 2020-ൽ വീണ്ടും രണ്ടുവർഷം കൂടി. കഴിഞ്ഞ വർഷം ഇതേ ബസുകൾക്ക് ഒരു വർഷം കൂടി ഫാസ്റ്റായും സൂപ്പർ ഫാസ്റ്റായുമൊക്കെ ഓടാൻ പെർമിറ്റ് നീട്ടിക്കൊടുത്തത് ശബരിമലയുടെ പേരിലായിരുന്നു!

വാങ്ങലിന്

വിഘ്‌നം!

മുൻകാലങ്ങളിൽ ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി നൂറു ബസുകൾ വരെ കെ.എസ്.ആർ.ടി.സി വാങ്ങുമായിരുന്നു. സീസൺ കഴിയുമ്പോൾ പ്രധാന ഡിപ്പോകളിലെ സൂപ്പർ ക്ലാസ് സർവീസിനായി ഈ ബസുകൾ നൽകുകയും ചെയ്യും. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ ബസ് വാങ്ങിയത് 2016-ലാണ്. 290 ഇ- ബസുകൾ വാങ്ങാൻ കിഫ്ബി വായ്പ ലഭ്യമാക്കാമെന്ന വാഗ്ദാനം നടപ്പായിട്ടില്ല. സർക്കാർ ഗ്രാന്റിൽ 265 ഡീസൽ ബസ് വാങ്ങാനുള്ള നടപടികൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ എവിടെയോ 'വിഘ്നം" വന്നു. ഇതിനിടെ വകുപ്പു മന്ത്രി മാറി. ടെൻ‌ഡർ വിളി മാത്രം മുടക്കമില്ലാതെ നടക്കുന്നു. സർക്കാർ നൽകുമെന്ന പറഞ്ഞ ഗ്രാന്റാകട്ടെ കിട്ടിയിട്ടുമില്ല.

കെ.എസ്.ആർ.ടി.സിക്ക് പദ്ധതി വിഹിതമായി 92 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. വിവിധ വകുപ്പുകളുടെ പദ്ധതി വിഹിതം പകുതിയായി വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞ മാസം ധനവകുപ്പ് തീരുമാനിച്ചു. ആ തീരുമാനത്തിൽ നിന്ന് കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. പകുതിയെങ്കിൽ പകുതിയെന്ന് ആശ്വസിക്കാൻ പോലും വക നൽകാതെ അനങ്ങാപ്പാറ പോളിസിയാണ് ധനവകുപ്പിന്.

കൊടുത്തത്

1111 കോടി

കൊവിഡിനു ശേഷം ശമ്പളത്തിനായി കെ.എസ്.ആർ.ടി.സിക്ക് സർക്കാ‌ർപണം നൽകിത്തുടങ്ങിയ ശേഷമാണ് മറ്റു കാര്യങ്ങൾക്ക് പണം അനുവദിക്കുന്നതിൽ നിയന്ത്രണം വന്നത്. കഴിഞ്ഞ മാസത്തെ ശമ്പളത്തിന് 30 കോടി രൂപ അനുവദിച്ചതോടെ ഇതിനകം 1111 കോടി രൂപ അനുവദിച്ചെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഈ വർഷത്തെ ബഡ്ജറ്റ് വിഹിതം 900 കോടി രൂപയാണെന്നു കൂടി ധനവകുപ്പ് ഓർമ്മിപ്പിച്ചിട്ടുണ്ട്. ധനവകുപ്പ് 30 കോടി രൂപ നൽകിയെങ്കിലും ജീവനക്കാർക്ക് ഇന്നലെ വരെ ശമ്പളം കിട്ടിയിട്ടില്ല. ഒന്നാം തീയതി ശമ്പളം നൽകുമെന്ന മന്ത്രിയുടെ വാഗ്ദാനത്തെ പരിഹസിച്ച് ജീവനക്കാർ ഇപ്പോൾ ട്രോളുകൾ ഇറക്കുകയാണ്. മന്ത്രി ഉദ്ദേശിച്ച ഒന്നാം തീയതി മലയാള മാസം ഒന്നാണ് എന്നാണ് ജീവനക്കാർ പറയുന്നത്. അത് ഇന്നാണ്- വൃശ്ചികം ഒന്ന്!

മന്ത്രി മാറി;

നയവും

ആന്റണി രാജു മാറി,​ കെ.ബി. ഗണേശ്‌കുമാർ വകുപ്പു മന്ത്രിയായപ്പോൾ നയപരമായ സമീപനത്തിൽ വരെ മാറ്റം സംഭവിച്ചു. രാജ്യത്തിനൊപ്പം ഹരിത ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയം കേരളവും സ്വീകരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ സ്വന്തമാക്കിയത് അതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ ഇ- ബസുകൾ നഷ്ടമെന്ന കണ്ടെത്തലാണ് മന്ത്രി മാറ്റത്തോടെ സംഭവിച്ചത്! കേന്ദ്ര സർക്കാരിന്റെ പി.എം ഇ- ബസ് സേവാ പദ്ധതി പ്രകാരം സംസ്ഥാനത്തെ 10 നഗരങ്ങൾക്കായി 950 ഇ- ബസുകൾ അനുവദിച്ചിരുന്നു. ആന്റണി രാജു മന്ത്രിയായിരിക്കെ ഈ പദ്ധതിയുടെ ആനൂകൂല്യം നേടിയെടുക്കാൻ ശ്രമം നടത്തിയതുമാണ്.

പക്ഷേ,​ മന്ത്രി മാറിയതോടെ 950 ഇ- ബസുകൾ അനുവദിക്കുന്നതു സംബന്ധിച്ച ഫയൽ ഗതാഗത വകുപ്പ് മടക്കിയയച്ചു. കേന്ദ്ര പദ്ധതി ലാഭകരമാകില്ലെന്നാണ് മന്ത്രി കെ.ബി. ഗണേശ് കുമാർ വിലയിരുത്തിയത്.

ഡീസൽ ബസുകൾ വാങ്ങുന്നതിന് നേരത്തെ പ്ലാൻ ഫണ്ടിൽ വകയിരുത്തിയ തുകയുടെ പകുതി ധനവകുപ്പ് വെട്ടിക്കുറച്ചെന്ന വിവരം അറിഞ്ഞതിനു ശേഷമായിരുന്നു ഗതാഗത വകുപ്പിന്റെ ഇ- ബസ് നിഷേധം! കേന്ദ്രത്തിന്റെ ബസുകൾ നേടിയെടുക്കാൻ സംസ്ഥാന സർക്കാർ 42 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്നാണ് മന്ത്രി വിശദീകരിച്ചത്. കേന്ദ്രത്തിന്റെ പ്രൊപ്പോസൽ അടങ്ങിയ ഫയലിൽ പറയുന്ന ചേർത്തലയിലും കായംകുളത്തുമൊക്കെ ഇപ്പോൾ ഇഷ്ടംപോലെ ബസുണ്ടെന്നും മന്ത്രി വിലയിരുത്തുന്നു.

കുറയ്ക്കലും

വലിക്കലും

യു.പി.എ സർക്കാറിന്റെ കാലത്ത് അനുവദിച്ച 'ജൻറം" ബസുകൾ ശബരിമല സീസൺ കാലത്തും ഉപയോഗിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിനു മാത്രമായി നഗരസഭ വാങ്ങി നൽകിയ ബസുകൾ കൊല്ലത്തേക്ക് സർവീസ് നടത്തിയപ്പോൾ അതിനെ ന്യായീകരിച്ചത് മന്ത്രി തന്നെയായിരുന്നു. 600 ബസുകൾ വരെ ശബരിമല സർവീസുകൾക്കായി വേണം. ഇതിനായി എല്ലാ ഡിപ്പോകളിൽ നിന്നും ബസുകൾ പിൻവലിക്കും.

ഇപ്പോൾത്തന്നെ മിക്കവാറുംഎല്ലാ ഡിപ്പോകളിലും പരിഷ്കരണത്തിന്റെ പേരിൽ ബസ് സർവീസ് വെട്ടിക്കുറച്ചിരിക്കുകയാണ്. അതിനൊപ്പമാണ് 'ശബരിമല സ്പെഷ്യൽ" പിൻവലിക്കലും.

കെ.എസ്.ആ‍ർ.ടി.സിക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പു കൂടി നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകരെ ബസിൽ നിറുത്തിക്കൊണ്ടു പോകരുത്. പമ്പയിലേക്കുള്ള സർവീസുകളിൽ ഭക്തർക്കെല്ലാം സീറ്റു ലഭിക്കാറുണ്ട്. എന്നാൽ,​ മടക്കയാത്രകളിൽ അങ്ങനെയല്ല, നിലയ്ക്കൽ സർവീസുകളിലും അങ്ങനെയല്ല. കിട്ടുന്ന ബസുകളിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യാൻ തീർത്ഥാടകർ നിർബന്ധിതരാകും. ഇത്തവണ വെർച്വൽ ക്യൂ ബുക്കിംഗിനൊപ്പം കെ.എസ്.ആർ.ടി.സി ബസുകളിൽ സീറ്റ് റിസർവ് ചെയ്യാനുള്ള സംവിധാനം കൂടിയുണ്ട്. ബസ് ബുക്കിംഗിൽ അങ്ങോട്ടും ഇങ്ങോട്ടും ഒറ്റ ടിക്കറ്റാണ്. മലയിറങ്ങി ക്ഷീണിച്ച് വീട്ടിലേക്കു മടങ്ങുന്ന ഭക്തർക്കെല്ലാം ഇരുന്നു പോകാനുള്ള സംവിധാനം കെ.എസ്.ആർ.ടി.സി ഒരുക്കുമോ എന്ന് കണ്ടറിയണം. സ്വാമി ശരണം!