
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ മൂന്നുമാസം മുൻപുണ്ടായ ഉരുൾപൊട്ടലുകൾ. മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളെ പൂർണമായും നിലംപരിശാക്കി അർദ്ധരാത്രിയിൽ കടന്നെത്തിയ ഉരുളുകൾ മുന്നൂറിലധികം മനുഷ്യജീവനുകളെ നിമിഷനേരംകൊണ്ട് ഇല്ലാതാക്കി. അഞ്ഞൂറിലധികം വീടുകൾ പൂർണമായും തകർന്നു. കൃഷിയിടങ്ങളും റോഡുകളും മറ്റു വസ്തുവകകളും തിരിച്ചെടുക്കാനാവാത്തവിധം നശിച്ചു. ദുരന്തമുണ്ടായി പത്താം നാൾ വയനാട് സന്ദർശിച്ച പ്രധാനമന്ത്രി, വയനാടിനെ വീണ്ടെടുക്കാൻ സകല സഹായങ്ങളും വാഗ്ദാനം ചെയ്താണ് ഡൽഹിക്കു മടങ്ങിയത്. സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുത്ത യോഗത്തിലും പിന്നീട് മാദ്ധ്യമങ്ങളെ കണ്ടപ്പോഴും ഇതേ ഉറപ്പുകൾ അദ്ദേഹം ആവർത്തിച്ചു. എന്നാൽ, ആ വാഗ്ദാനങ്ങൾക്കും ഉറപ്പുകൾക്കും കടലാസിന്റെ വില പോലുമില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റേതായി സംസ്ഥാന സർക്കാരിനു ലഭിച്ച കത്തിൽ നിന്ന് മനസിലാക്കേണ്ടത്.
വയനാട്ടിലെ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി കണക്കാക്കി ഉദാരമായി സഹായം അനുവദിക്കണമെന്ന് സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. ഒടുവിൽ കേരള ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സമീപനം വ്യക്തമാക്കാൻ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഒളിച്ചുകളി അവസാനിപ്പിച്ച് ഒടുവിൽ കേന്ദ്രം സംസ്ഥാനത്തിനു നൽകിയ കത്തു പ്രകാരം, വയനാട്ടിലേത് ദേശീയ ദുരന്തമായി പരിഗണിക്കാൻ നിലവിലുള്ള മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല! കേന്ദ്ര സഹായം ഇപ്പോൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന സംസ്ഥാനത്തിന് ഈ കണ്ണിൽചോരയില്ലാത്ത സമീപനം വലിയ ചതിയായിപ്പോയി. ചട്ടങ്ങളും മാനദണ്ഡങ്ങളുമൊക്കെ സർക്കാരുകൾ ഉണ്ടാക്കുന്നതാണ്. ചട്ടമനുസരിച്ച് വയനാട്ടിലെ ഉരുൾപൊട്ടൽ പന്ത്രണ്ടു ദുരന്തങ്ങളിലൊന്നു മാത്രമാണെന്നും അതു നേരിടാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും കേന്ദ്രം ഓർമ്മിപ്പിക്കുന്നു.
സംസ്ഥാനത്തിന് അനുവദിച്ച ദുരന്ത നിവാരണ ഫണ്ടിൽ വയനാട് ദുരന്തം നേരിടാനാവശ്യമായ പണം വേണ്ടത്രയുണ്ടെന്ന വിചിത്രമായ വാദം കൂടി കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ട്. 388 കോടി രൂപയോളം വരും ഇത്. വയനാടിനെ വീണ്ടെടുക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനം 2000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്രത്തിനു സമർപ്പിച്ചത്. ഇതു പരാമർശിക്കാതെയാണ് ഏറെ വൈകി, ദുരന്തനിവാരണ ഫണ്ടിൽ ആവശ്യത്തിന് തുക മിച്ചമുണ്ടല്ലോ എന്ന വാദവുമായി കേന്ദ്രം സംസ്ഥാനത്തെ കബളിപ്പിക്കുന്നത്. ദുരന്തങ്ങൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നുള്ളത് ശരിയാകാം. നിലവിലുള്ള മാനദണ്ഡങ്ങളിൽ അതു പെടുന്നില്ലെങ്കിൽ പ്രത്യേകമായി കണ്ട് പ്രത്യേക സഹായം അനുവദിക്കുകയാണു വേണ്ടത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് രാജ്യം ഒറ്റയടിക്ക് പാപ്പരായിപ്പോവുകയില്ല. രാഷ്ട്രീയ മാനദണ്ഡങ്ങൾ വച്ചല്ല ഇത്തരം ദുരന്തങ്ങളെ കേന്ദ്രം സമീപിക്കേണ്ടത്.
കേന്ദ്ര ഭരണമുന്നണി പങ്കാളികളായ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ അവർ ചോദിക്കാതെ തന്നെ കൈയയച്ച് സഹായവുമായി കേന്ദ്രം ഓടിയെത്താറുണ്ട്. ബീഹാർ, തെലങ്കാന, ആന്ധ്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ ഇപ്രകാരം സഹായം ലഭിച്ചവയാണ്.
അതേസമയം, നിരന്തരം അഭ്യർത്ഥിച്ചിട്ടും കേരളത്തിന് പ്രത്യേക സഹായം അനുവദിക്കുന്നതിൽ തികഞ്ഞ വിവേചനമാണ് കേന്ദ്രം പുലർത്തുന്നത്. ഒരു സംസ്ഥാനത്തോടും ഇതുപോലുള്ള സമീപനം പാടില്ലാത്തതാണ്. മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ പ്രത്യേക സഹായ ഇനത്തിൽ കേരളത്തെ സഹായിക്കാനാകും. ഏതു വകുപ്പിൽപ്പെടുത്തിയെങ്കിലും അടിയന്തര സഹായമാണ് വയനാട് ജനത പ്രതീക്ഷിക്കുന്നത്. അവരെ കൈപിടിച്ചു കയറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുമുണ്ട്. സർവതും നഷ്ടപ്പെട്ട ഒരു ജനവിഭാഗം സഹായത്തിനായി കേഴുമ്പോൾ ചട്ടവും മാനദണ്ഡവും കാട്ടി ആട്ടിയകറ്റാൻ ശ്രമിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്. വയനാട്ടിൽ നേരിട്ടെത്തി ദുരന്തബാധിതർക്കു നൽകിയ ഉറപ്പുകൾ പ്രധാനമന്ത്രി ഒന്നു മറിച്ചുനോക്കണം.