ശിവരാജ് കുമാർ മലയാളത്തിലേക്ക്

ss

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര നായിക. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ശ്രീലങ്കയിൽ ഇന്ന് ആരംഭിക്കും. ആസിഫ് അലി, നസ്ളൻ , മഞ്ജു, സൗബിൻ ഷാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് മറ്റു താരങ്ങൾ. ടൊവിനോ തോമസ് അതിഥി താരമായി എത്തുന്നു. കന്നട താരം ശിവരാജ് കുമാർ ആണ് മറ്റൊരു പ്രധാന താരം. ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് ശിവരാജ്കുമാർ അവതരിപ്പിക്കുന്നത്. രജനികാന്ത് ചിത്രം ജയിലറിലൂടെ മലയാളത്തിനും പരിചിതനായ ശിവരാജ് കുമാർ ആദ്യമായാണ് മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. ഗോൾഡിനുശേഷം നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിൽ നയൻതാര ആദ്യമാണ്. 100 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നൽകിയത്. മോഹൻലാൽ 30 ദിവസത്തെ ഡേറ്റും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ഷാർജയിലും ഡൽഹിയിലും കേരളത്തിലും ലണ്ടനിലും ചിത്രീകരണമുണ്ട്.ശ്രീലങ്കയിലെ ചിത്രീകരണത്തിനുശേഷം ഷാർജയിലേക്ക് ഷിഫ്ട് ചെയ്യും.അതേസമയം അറിയിപ്പാണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.