photo

പാലോട്: തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് പേഴ്സിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപയും ഫോണും കവർന്നതായി പരാതി. കബനി ലോഡ്ജിൽ താമസിക്കുന്ന പളനി (55)യെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ എത്തിയ നാലംഗസംഘം ഇരുമ്പ് കമ്പി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റ പളനിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് നാൽപ്പതോളം തുന്നലുണ്ട്. പളനി കഴിഞ്ഞ പതിനേഴ് വർഷത്തോളമായി പാലോട് താമസിച്ച് ജെ.സി.ബി ഡ്രൈവരായി ജോലിചെയ്യുകയാണ്. അക്രമിസംഘം മാസ്ക് ധരിച്ചിരുന്നതിനാൽ പളനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പുലർച്ചേ ലോഡ്ജിലെ വാതിലിൽ തട്ടി വിളിക്കുകയും വാതിൽ തുറന്ന ഉടനെ തന്നെ മർദ്ദിച്ചതായും അക്രമത്തിനു ശേഷം വാതിൽ പുറത്തു നിന്നും പൂട്ടി അക്രമിസംഘം കടന്നുകളഞ്ഞെന്നുമാണ് പരാതി. പുലർച്ചെ എത്തിയ പ്രദേശവാസികളാണ് രക്തത്തിൽ കുളിച്ചുകിടന്ന പളനിയെ ആശുപത്രിയിലെത്തിച്ചത്. ഇതേദിവസം തന്നെ പാപ്പനംകോട് കല്ലിടുക്കൽ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.