manchadi

മുടപുരം: ടാറും മെറ്റലുമിളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ട മുട്ടപ്പലം മഞ്ചാടിമൂട് റോഡ് അറ്റകുറ്റപ്പണി നടത്തി റീടാർ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം. ചിറയിൻകീഴ് - മുരുക്കുംപുഴ റോഡിലെ മഞ്ചാടിമൂട്ടിൽ നിന്നും ആരംഭിച്ച് കോളിച്ചിറ, ചേമ്പുംമൂലം വഴി മുടപുരം-മുട്ടപ്പലം റോഡിൽ എത്തിച്ചേരുന്ന ഈ റോഡ് അഴൂർ, ചിറയിൻകീഴ് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നു. കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളുമുൾപ്പെടെ ഈ റോഡിലൂടെ സർവീസ് നടത്തുന്നു. കോളിച്ചിറ ലക്ഷംവീട് കോളനി, പകൽവീട്, വിജ്ഞാൻ ഭവൻ, കയർ സംഘം, പാൽസംഭരണ കേന്ദ്രം, വാട്ടർ അതോറിട്ടിയുടെ വാട്ടർ ടാങ്ക്, നിരവധി ആരാധനാലയങ്ങൾ തുടങ്ങിയവ ഈ റോഡിന് ഇരുവശവും സ്ഥിതിചെയ്യുന്നു. റോഡ് തുടങ്ങുന്ന മഞ്ചാടിമൂട്ടിൽ വലിയ ഗർത്തങ്ങളുള്ളതിനാൽ അവിടം മുതൽ തന്നെ വാഹനയാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പരാതിയുണ്ട്. റോഡിന്റെ മുക്കാൽ ഭാഗവും തകർന്നു കിടക്കുന്നതിനാൽ മഴയായാൽ റോഡിൽ വലിയ വെള്ളക്കെട്ടും ഉണ്ടാവുന്നു. രസിയന്റെ കുന്ന് കോട്ടപ്പുറം, അങ്കണവാടി ജംഗ്ഷൻ തുടങ്ങി കോളിച്ചിറ നെല്പാടത്തിനരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാസ്‌ഫോർമർ നിൽക്കുന്നിടംവരെ പലഭാഗത്തും ടാറും മെറ്റലുമിളകി വലിയ കുഴികൾ രൂപപ്പെട്ടിട്ട് നാളേറെയായി.

മഴവെള്ളക്കുഴി അപകടമുണ്ടാക്കുന്നു

തുടർച്ചയായി മഴപെയ്യുന്നതിനാൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് വാഹനയാത്രയ്ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് അപകടങ്ങൾക്കും കാരണമാവുന്നു. മഴവെള്ളം കാണാതെ റോഡിലെ കുഴികളിൽ വീണ് യാത്രക്കാർക്ക് അപകടം സംഭവിക്കുന്നത് പതിവാണ്.

റീടാർ ചെയ്യണം

പാൽസംഭരണ കേന്ദ്രത്തിനു മുന്നിലെ ഭാഗമാണ് കൂടുതൽ പൊളിഞ്ഞിളകിയിരിക്കുന്നത്. ഇവിടെ റോഡ് പൂർണമായി മെറ്റലും ടാറുമിളകി തകർന്നു. ഈ ഭാഗം വലിയ ഇറക്കമായതിനാൽ ടാറും മെറ്റലുമിളകിക്കിടക്കുന്നത് വലിയ വാഹനത്തിനും ചെറിയ വാഹനങ്ങൾക്കും അപകടക്കെണി ഒരുക്കുന്നു. അതിനാൽ അറ്റകുറ്റപ്പണി നടത്തി റോഡ് റീടാർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.