
വർക്കല: മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി അറവുശാലകളാണ് വർക്കലയിലും സമീപ പഞ്ചായത്തുകളിലുമായി പ്രവർത്തിക്കുന്നത്. ഒട്ടുമിക്ക സ്ഥലങ്ങളിലും റോഡരികിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ പലതിനും യാതൊരുവിധ ലൈസൻസോ ആവശ്യത്തിന് മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങളോ ഇല്ല. പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് എത്തിയാൽ ബഹളംകൂട്ടി ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കുന്നതും പതിവായിട്ടുണ്ട്. ദുർഗന്ധം കൊണ്ട് മലിനമാണ് മിക്ക ഇറച്ചിക്കടകളുടെയും പരിസരം. ഈ കടകൾക്ക് മുന്നിലൂടെ മൂക്കു പൊത്തി വേണം നടക്കാൻ. ഇത്തരം സ്ഥാപനങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ഈ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് പൊതുവായ ആവശ്യം.
ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ കർശനമാക്കും
വർക്കല നിയോജകമണ്ഡലം പരിധിയിലുള്ള എല്ലാ ഇറച്ചി വ്യാപാര കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നിർബന്ധമായും നടപ്പാക്കണമെന്ന് ഫുഡ് ആൻഡ് സേഫ്ടി വർക്കല സർക്കിൾ ഓഫീസ് അറിയിച്ചു. പൗൾട്രിഫാം, താത്കാലിക മീറ്റ് സ്റ്റാൾ, ചിക്കൻ സ്റ്റാൾ എന്നിവയ്ക്കും ഇത് ബാധകമാണ്. അക്ഷയ കേന്ദ്രം മുഖേന അപേക്ഷകന്റെ ഫോട്ടോ, തിരിച്ചറിയൽ കാർഡ്, വാർഷിക ഫീസായ 100 രൂപ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റില്ലാതെ ഏതെങ്കിലും സ്റ്റാൾ പ്രവർത്തിക്കുന്നതായി കണ്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഓഫീസ് അറിയിച്ചു.