
തിരുവനന്തപുരം : വയനാട് ദുരന്തത്തെ തുടർന്ന് പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ച് സഹായം നൽകുമെന്ന് പറഞ്ഞിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽപറഞ്ഞു.
മുണ്ടക്കൈ ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ദുരിതബാധിതർക്കുള്ള സഹായങ്ങളുടെ കാര്യത്തിലും കേന്ദ്രം മറുപടി നൽകിയിട്ടില്ല. ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ പുനരധിവാസ പ്രവർത്തനത്തിന് അന്താരാഷ്ട്ര ദേശീയ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും ദേശീയ ദുരന്ത്രപതികരണ നിധിയിൽ നിന്നും സഹായം ലഭിക്കുമായിരുന്നു. ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംഭവങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ മുമ്പ് തയാറായിട്ടുണ്ട്.
കഴിഞ്ഞ പ്രളയ സമയത്ത് പല വിദേശരാജ്യങ്ങളും സംസ്ഥാനത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടും കേന്ദ്രം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. സാലറി ചലഞ്ചിനെപ്പോലും എതിർത്ത യു.ഡി.എഫ് ഇക്കാര്യത്തിൽ വിപരീത നിലപാടാണ് സ്വീകരിക്കുന്നത്.
കള്ളപ്പണക്കേസിൽ എൽ.ഡി.എഫിനെ കുറ്റപ്പെടുത്താനാണ് ്രപതിപക്ഷനേതാവ് ശ്രമിക്കുന്നത്. ഷാഫി പറമ്പിലിന് 4 കോടി രൂപ ധർമ്മരാജൻ നൽകിയെന്ന കെ.സുരേന്ദ്രന്റെ വെളിപ്പെടുത്തൽ ഇവർ തമ്മിലുള്ള കൂട്ടകെട്ടിന്റെ തെളിവാണ്. മുനമ്പത്ത് പ്രകോപനപരമായ നിലപാടുകൾ കേരളത്തിന്റെ സാമുദായിക അന്തരീക്ഷം തകർക്കും.
ഇ.പിയെ പാർട്ടിക്ക്
വിശ്വാസം
ഇ.പി ജയരാജന്റെ ആത്മകഥ വിവാദം പാർട്ടിയെ ബാധിച്ചിട്ടില്ല. വിവാദവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നിട്ടുണ്ട്. ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ഇ.പി ജയരാജനെ പാർട്ടി പൂർണ്ണമായും വിശ്വസിക്കുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.സി ബുക്സുമായി കരാറില്ല. ഇതിൽ ജയരാജനോട് വിശദീകരണം ചോദിക്കേണ്ട ആവശ്യമില്ല. താൻ എഴുതുകയോ പറയുകയോ ചെയ്യാത്ത കാര്യമാണ് പുറത്തുവന്നതെന്ന് ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ അന്വേഷണം നടക്കട്ടെ..
പാലക്കാട് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം . കഴിഞ്ഞ തവണ ഇ. ശ്രീധരനു ലഭിച്ച വോട്ട് ഇത്തവണ ബി.ജെ.പിക്കും ഷാഫിപറമ്പിലിനു ലഭിച്ച വോട്ട് ഇക്കുറി യു.ഡി.എഫിനും ലഭിക്കില്ല.ബി.ജെ.പി മൂന്നാം സ്ഥാനത്താവും.. സരിൻ മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഗോവിന്ദൻ പറഞ്ഞു.