 വരുന്നത് 153 കോടിയുടെ പദ്ധതി

തിരുവനന്തപുരം: നഗരത്തിലെ മൂന്ന് വാർഡിൽ കൂടി സ്വീവേജ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ബൃഹദ് പദ്ധതി വരുന്നു. കാലടി, ആറ്റുകാൽ, ​അമ്പലത്തറ വാർഡുകളിലാണ് ഇതിനായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ഇത് മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പാന്റുമായി കൂട്ടിയോജിപ്പിക്കും.153 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. നിലവിൽ പദ്ധതിക്കായുള്ള സാങ്കേതിക അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് ഫണ്ടിൽ നിന്ന് തിരുവനന്തപുരം നഗരസഭ 153 കോടി രൂപ പദ്ധതിക്കായി വായ്പയെടുത്തിട്ടുണ്ട്. ഏഴ് വർഷം കൊണ്ട് അഞ്ച് ശതമാനം പലിശയുൾപ്പെടെ വായ്പാത്തുക തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. നഗരസഭയുടെ തനത് പ്ളാൻ ഫണ്ടിൽ നിന്നായിരിക്കും തിരിച്ചടവ്.

പദ്ധതി നിർവഹണത്തിന് വാട്ടർ അതോറിട്ടിയെയായിരിക്കും ചുമതലപ്പെടുത്തുന്നത്. ജനസാന്ദ്രത കൂടിയ മൂന്ന് വാർഡിൽ കൂടി പൈപ്പ് ലൈൻ എത്തുമ്പോൾ ആ പ്രദേശത്തെ തന്നെ സെപ്‌റ്റേജ് മാലിന്യശേഖരണം കൂടുതൽ എളുപ്പമാകും.

നിലവിൽ 44 വാർഡുകളിൽ

നിലവിൽ 44 വാർഡുകളിലാണ് സ്വീവേജ് പൈപ്പ് ലൈൻ കവറേജുള്ളത്.ബാക്കി വാർഡുകളിൽ നിന്ന് ടാങ്കർ ലോറി വഴിയാണ് സെപ്‌റ്റേജ് മാലിന്യം മുട്ടത്തറയുള്ള പ്ളാന്റുകളിൽ എത്തിക്കുന്നത്.

മുട്ടത്തറിയിൽ പ്ളാന്റ് നിർമ്മാണം ഉടൻ

മുട്ടത്തറയിൽ 15 കോടി ചെലവിൽ പുതിയ ട്രീറ്റ്മെന്റ് പാന്റ് കൂടി നിർമ്മിക്കും. ജലം ഒരു വട്ടം കൂടി ശുദ്ധീകരിച്ച് പുനഃരുപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള പാന്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.അർബൻ അഗ്ലോമറേഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമ്മാണം. ഇതിൽ 34 ശതമാനം നഗരസഭയുടെ തനത് ഫണ്ട്,ബാക്കി തുക സംസ്ഥാന സർക്കാരിന്റെ പ്ളാൻ ഫണ്ട്,കേന്ദ്ര സ‌ർക്കാരിന്റെ ഫണ്ട് എന്നിങ്ങനെയാണ് ചെലവഴിക്കുന്നത്. 107 എം.എൽ.ഡി.യുടെ സ്വീവേജ് പ്ലാന്റാണ് മുട്ടത്തറയിലുള്ളത്. ഇതിൽ 67 എം.എൽ.ഡി മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. നിലവിൽ പ്ലാന്റിൽനിന്നുള്ള ശുദ്ധീകരിച്ച വെള്ളം പുറത്തേക്കൊഴുക്കിക്കളയുകയാണ് ചെയ്യുന്നത്. ഇതിന്റെ 20 ശതമാനം ഒന്നുകൂടി ശുദ്ധീകരിച്ച് കെട്ടിടനിർമ്മാണം, പൂന്തോട്ടം നനയ്ക്കൽ തുടങ്ങിയ വൻകിട ആവശ്യങ്ങൾക്കായി ചെറിയ തുകയ്ക്ക് നൽകാനാണ് ആലോചന.

വാട്ടർ പ്ളസ് അംഗീകാരത്തിന് നഗരസഭ

കേന്ദ്ര സർക്കാരിന്റെ വാട്ടർപ്ളസ് അംഗീകാരത്തിന് യോഗ്യരാകാൻ നഗരസഭ.സെപ്‌റ്റേജ് സ്വീവേജ് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കൽ, കുടിവെള്ള കണക്ഷൻ നെറ്റ്‌വർക്ക് വർദ്ധിപ്പിക്കൽ, വെളിയിട വിസർജനമുക്ത നഗരം തുടങ്ങിയ 59 മാനദണ്ഡങ്ങൾ എന്നിവയാണ് വാട്ടർ പ്ളസ് യോഗ്യതയ്ക്ക് വേണ്ടത്. കൽപ്പറ്റ, തിരുവനന്തപുരം നഗരസഭകളാണ് ഈ മാനദണ്ഡം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുന്നത്.