തിരുവനന്തപുരം: കരസേനയുടെ മൂക്കുന്നിമലയിലെ ഫയറിംഗ് റേഞ്ചിൽ പൊലീസുകാരുടെ വെടിവയ്‌പ് പരിശീലനത്തിനിടെ വീടുകളിലേക്ക് വീണ വെടിയുണ്ടകൾ ഫോറൻസിക് പരിശോധനയ്‌ക്ക് കൈമാറി. വിളവൂർക്കൽ പഞ്ചായത്തിലെ പൊറ്റയിൽ,കാവടിവിള പ്രദേശത്തെ മൂന്ന് വീടുകളിൽ നിന്നായി വീണുകിട്ടിയ നാല് വെടിയുണ്ടകളാണ് പരിശോധനകൾക്ക് അയച്ചത്.
നെടുമങ്ങാട് ആർ.ഡി.ഒ കെ.പി.ജയകുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മലയിൻകീഴ് പൊലീസാണ് വെടിയുണ്ടകൾ ഫോറൻസിക് ലാബിലേക്ക് എത്തിച്ചത്. പൊലീസ് പരിശീലനത്തിന് ഉപയോഗിച്ച തോക്കുകളിൽ നിന്നുള്ളത് തന്നെയാണോ ലഭിച്ച വെടിയുണ്ടകൾ എന്നാണ് പരിശോധിക്കുന്നത്.

എ.കെ 47,എ.കെ.എം,ആർ.പി.കെ,ആർ.പി.ഡി എന്നിങ്ങനെയുള്ള ലൈറ്റ് മെഷീൻ ഗണ്ണുകളിൽ ഉപയോഗിക്കുന്ന 7.62×39എം.എം വെടിയുണ്ടകളാണ് ഇവിടെനിന്ന് ലഭിച്ചത്.ഫയറിംഗ് പിറ്റിൽ നിന്ന് രണ്ടു കിലോമീറ്ററിലധികം ദൂരത്താണ് വെടിയുണ്ടകളെല്ലാം ലഭിച്ചത്.ഫോറൻസിക് പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് തയ്യാറാക്കി ലാബ് അധികൃതർ കോടതിയിൽ സമർപ്പിക്കും.

വെടിയുണ്ട വീണുകിട്ടിയ വിളവൂർക്കൽ പഞ്ചായത്തിലെ വീടുകൾ സന്ദർശിച്ച നെടുമങ്ങാട് ആർ.ഡി.ഒ കെ.പി.ജയകുമാർ കഴിഞ്ഞ ദിവസം ജില്ലാകളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരിക്കണമെന്ന് ജില്ലാകളക്ടർ ആർ.ഡി.ഒ യോട് ആവശ്യപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച ജില്ലാകളക്ടറെ സന്ദർശിച്ച് ആർ.ഡി.ഒ വിശദീകരണം നൽകുമെന്നാണ് വിവരം. ആർ.ഡി.ഒയുടെ റിപ്പോർട്ട് വിലയിരുത്തിയശേഷം മൂക്കുന്നിമലയിലെ കരസേന 91 ബ്രിഗേഡിന്റെ അധികൃതരുമായും പൊലീസ് അധികൃതരുമായും കളക്ടർ ചർച്ച നടത്തും.