തിരുവനന്തപുരം: പ്രതിരോധ സേനകളെ ഏകോപിപ്പിച്ച് ശത്രുക്കളെ തുരത്താനും തിരിച്ചടിക്കാനും ശേഷിയുള്ള, നാവികസേനയുടെ നേതൃത്വത്തിലുള്ള മാരിടൈം തീയറ്റർ കമാൻഡ് ആസ്ഥാനം തിരുവനന്തപുരത്ത് സ്ഥാപിക്കാൻ സാദ്ധ്യതയേറി. കർണാടകയിലെ കാർവാറും പരിഗണനയിലുണ്ട്. വിഴിഞ്ഞം തുറമുഖവും വി.എസ്.എസ്.സി അടക്കം ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുള്ളതും രാജ്യത്തിന്റെ തന്ത്രപ്രധാന അതിർത്തിമേഖലയായതും രാജ്യാന്തര കപ്പൽച്ചാലിന് 10നോട്ടിക്കൽമൈൽ മാത്രം അടുത്തുള്ളതുമാണ് തിരുവനന്തപുരത്തെ പരിഗണിക്കാനുള്ള കാരണങ്ങൾ. അന്തിമ തീരുമാനമായിട്ടില്ലെന്നും പ്രതിരോധമന്ത്രാലയമാണ് പ്രഖ്യാപനം നടത്തേണ്ടതെന്നും തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് കേരളകൗമുദിയോട് പറഞ്ഞു.
കടൽമാർഗമുള്ള ഭീഷണികൾ നേരിടുകയും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുകയുമാണ് മാരിടൈം കമാൻഡിന്റെ ദൗത്യം. രാജ്യത്തെ കിഴക്ക്, പടിഞ്ഞാറൻ സമുദ്ര മേഖലകളിലെ സുരക്ഷയ്ക്കായുള്ള കമാൻഡാണിത്. പാകിസ്ഥാൻ ഭീഷണി നേരിടാൻ രാജസ്ഥാനിലെ ജയ്പൂരിലാവും എയർഫോഴ്സിന്റെ നേതൃത്വത്തിലെ തീയറ്റർ കമാൻഡ്. ചൈനീസ് ഭീഷണി നേരിടാൻ കരസേനയുടെ നേതൃത്വത്തിലെ കമാൻഡ് ഉത്തർപ്രദേശിലെ ലഖ്നൗവിലായിരിക്കുമെന്നും അറിയുന്നു.
മൂന്നുസേനകളുടെയും സന്നാഹങ്ങൾ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തീയറ്റർ കമാൻഡുകൾ രൂപീകരിക്കുന്നത്. സേനകൾ സ്വന്തംനിലയിൽ പ്രവർത്തിക്കുന്ന നിലവിലെ രീതിക്കുപകരം, മൂന്നുസേനകളും ഒരുകമാൻഡിനു കീഴിലാക്കുമ്പോൾ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാവും. തിരുവനന്തപുരത്ത് നാവികസേനയുടെ ഉപകേന്ദ്രത്തിന് ജൂണിൽ കേന്ദ്രം അനുമതി നൽകിയിരുന്നു. വിമാനത്താവളത്തിനടുത്തെ നാലേക്കർ സ്ഥലത്താണ് ഉപകേന്ദ്രം വരുന്നത്.
പ്രതിരോധത്തിന് കരുത്തേറും
നിലവിൽ കര, വ്യോമ സേനകൾക്ക് ഏഴുവീതവും നാവികസേനയുടെ മൂന്നുമടക്കം 17കമാൻഡുകളുണ്ട്. വ്യോമസേനയുടെ ദക്ഷിണ കമാൻഡ് തിരുവനന്തപുരത്തും നാവികസേനയുടേത് കൊച്ചിയിലുമാണ്.
മൂന്നുസേനകളിലെയും ഉന്നതഉദ്യോഗസ്ഥരടങ്ങിയതാണ് തീയറ്റർ കമാൻഡ്.
മാരിടൈം കമാൻഡിൽ യുദ്ധക്കപ്പലുകളും വ്യോമസേനയുടെ യുദ്ധവിമാനങ്ങളും വ്യോമസുരക്ഷാ സന്നാഹങ്ങളും സജ്ജമാക്കും. ത്രീ- സ്റ്റാർ റാങ്കിലെ വൈസ്അഡ്മിറലായിരിക്കും മേധാവി. സേനകളിലെ സന്നാഹങ്ങളുടെ നിയന്ത്രണവും ഇദ്ദേഹത്തിന്.
നിലവിൽ തലസ്ഥാനത്തുള്ളത്
1)ദക്ഷിണവ്യോമസേനാ ആസ്ഥാനം
2)പാങ്ങോട്ട് കരസേനാ സ്റ്റേഷൻ
3)വിഴിഞ്ഞത്ത് കോസ്റ്റ്ഗാർഡ്
4)മുട്ടത്തറയിൽ ബി.എസ്.എഫ്
5)സി.എസ്.ഐ.എഫ് യൂണിറ്റ്
7516 കി.മീ
സമുദ്രാതിർത്തിയുടെ സുരക്ഷയൊരുക്കേണ്ടത് മാരിടൈം തീയറ്റർ കമാൻഡ്