തിരുവനന്തപുരം: കരമന കാലടിയിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണശ്രമങ്ങൾ.കാലടി തളിയൽ പുളിയറത്തോപ്പിൽ സന്ധ്യയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്.വീട് പൂട്ടിയിട്ട് ബന്ധുക്കളെ കാണാൻ ബാംഗ്ലൂരിൽ പോയ സമയത്തായിരുന്നു സംഭവം.രാവിലെ നാട്ടുകാരാണ് വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ചിട്ടതായി കണ്ടത്.തുടർന്ന് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കരമന പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ അലമാരയുൾപ്പെടെ കുത്തിത്തുറന്ന് വീട്ടുസാധനങ്ങൾ വാരിവലിച്ച് പുറത്തേക്കിട്ട നിലയിൽ കണ്ടെത്തി.എന്നാൽ ഇവിടെ നിന്ന് മോഷ്ടാവിന് വിലപിടിപ്പുള്ളതൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ഇതിനുപിന്നാലെ ഇന്നലെ അർദ്ധരാത്രിയോടെ കാലടി പഠിപ്പുര ക്ഷേത്രത്തിന് പിൻവശത്ത് ഹരിശ്രീ അസോസിയേഷൻ ബി 29ൽ ഐ.എസ്.ആർ.ഒ ജീവനക്കാരൻ ഈശ്വരന്റെ വീട്ടിലും മോഷണശ്രമം നടന്നു. ഈ വീട്ടുകാർ രണ്ടു ദിവസം മുൻപാണ് ചെന്നൈയ്ക്ക് പോയത്.വീട് തുറന്നുകിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം രാവിലെ 11ഓടെ കരമന പൊലീസിൽ അറിയിച്ചത്. കരമന എസ്.ഐ വിപിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി.മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് കാലടി പഠിപ്പുര ദേവീക്ഷേത്രത്തിൽ മോഷണശ്രമം നടന്നത്.ശ്രീകോവിൽ കുത്തിത്തുറന്ന് അകത്തു കയറിയ കള്ളൻ ഒന്നും കിട്ടാത്തതിനെ തുടർന്ന് ക്ഷേത്രമുറ്രത്തെ കാണിക്കവഞ്ചി കുത്തിപ്പൊട്ടിച്ച് കോമ്പൗണ്ടിൽ വലിച്ചെറിഞ്ഞിരുന്നു. അടുത്തടുത്തായി ഇവിടെ മൂന്ന് മോഷണശ്രമങ്ങളാണ് നടന്നത്.സംഭവങ്ങൾക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചതായി കരമന പൊലീസ് അറിയിച്ചു.