തിങ്കളാഴ്ച ക്യാമ്പസ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: നാലുവർഷ ഡിഗ്രി കോഴ്സ് ഫീസ് വർദ്ധനയിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് കേരള സർവകലാശാലയിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം.വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർക്കെതിരെ അഞ്ചുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പിരിഞ്ഞുപോകാൻ കൂട്ടാക്കാത്തതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു നീക്കി.
സമരത്തിനെതിരെയുള്ള പൊലീസ് ഇടപെടലിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ക്യാമ്പസ് വിദ്യാഭ്യാസ ബന്ദിന് എ.ഐ.എസ്.എഫ് ആഹ്വാനം ചെയ്തു.സാധാരണ വിദ്യാർത്ഥികൾക്ക് അപ്രാപ്യമായ ഫീസ് വർദ്ധന കേരള സർവകലാശാലയുടെ കമ്പോളവത്കരണത്തിന്റെ ഭാഗമാണെന്നും വിദ്യാർത്ഥി വിരുദ്ധമായ തീരുമാനം പ്രതിഷേധാർഹമാണെന്നും മാർച്ച് ഉദ്‌ഘാടനം ചെയ്ത് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.എസ്. രാഹുൽരാജ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ.എം അദ്ധ്യക്ഷനായി.ജോയിന്റ് സെക്രട്ടറി എ.അഥിൻ,ജില്ലാ സെക്രട്ടറി പി.എസ്.ആന്റസ്,സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ എബ്രഹാം,സംസ്ഥാനകമ്മിറ്റി അംഗം ശരൺ,ജസ്ന,അനീസ്,അബ്ദുള്ള,ജോബിൻ,ശ്രീജിത്ത്,ദേവദത്ത്,ആദർശ്,സച്ചിൻ,അജയ് എന്നിവർ നേതൃത്വം നൽകി.