
തിരുവനന്തപുരം: സർക്കാർ സഹായധനത്തോടെ (ഗ്രാന്റ്- ഇൻ-എയ്ഡ്) പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ശമ്പളം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾക്കു സ്വയം പണം കണ്ടെത്തണമെന്ന ധനവകുപ്പിന്റെ നിലപാട് നിഷിനെ (നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) പ്രതിസന്ധിയിലാക്കും. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ അവരുടെ വിദ്യാഭ്യാസ, പുനരധിവാസ പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനമാണ് നിഷ്. സാമൂഹിക നീതി വകുപ്പിനു കീഴിലാണ് പ്രവർത്തനം. സ്വന്തം നിലയിൽ ധനസമാഹരണം അസാദ്ധ്യമാണ്. ഏതെങ്കിലും പദ്ധതികൾക്ക് സ്പോൺസറെ കണ്ടെത്താമെങ്കലും ശമ്പളം, പെൻഷനടക്കം ചെലവുകൾക്ക് സ്പോൺസറിംഗ് പറ്റില്ല. 150ലേറെ ജീവനക്കാരാണ് നിഷിലുള്ളത്. ഭിന്നശേഷിക്കാർക്കടക്കം ക്ലിനിക്കൽ, ചികിത്സാ സേവനങ്ങളും ശ്രവണ പരിമിതർക്കടക്കം ബിരുദ കോഴ്സുകളും നിഷ് നടത്തുന്നുണ്ട്. ഓഡിയോളജിയിലടക്കം ബിരുദാനന്തര ബിരുദ കോഴ്സുകളുമുണ്ട്. റീഹാബിലിറ്റേഷൻ കൗൺസിലിന്റെ ഡിപ്ലോമ കോഴ്സുകളുമുണ്ട്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വികസിപ്പിക്കാൻ ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചുള്ള പദ്ധതിയുണ്ട്. സർക്കാർ പരിപാടികൾക്കടക്കം ആംഗ്യഭാഷാ പരിഭാഷകരുടെ സേവനവും ലഭ്യമാക്കുന്നു.
നിഷിനെ കേന്ദ്രസർവകലാശാലയാക്കുമെന്നും ഇതിനായി 1700കോടി നീക്കിവച്ചെന്നുമുള്ള 2015ലെ കേന്ദ്ര ബഡ്‌ജറ്റ് പ്രഖ്യാപനം പാഴായിരുന്നു. നാഷണൽ യൂണിവേഴ്സിറ്റി ഫോർ റീഹാബിലിറ്റേഷൻ സയൻസ് ആൻഡ് ഡിസെബിലിറ്റി സ്റ്റഡീസ് എന്നായിരുന്നു കേന്ദ്രസർവകലാശാലയുടെ പേര്. ഇത് പിന്നീട് ആസാമിന് അനുവദിക്കുകയായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് നിഷിനെ സർവകലാശാലയാക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും കരട് ബിൽ തയ്യാറാക്കുകയും ചെയ്തെങ്കിലും കേന്ദ്രസർവകലാശാലാ പ്രഖ്യാപനം വന്നതോടെ തുടർനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.