
തിരുവനന്തപുരം: നാലു വർഷ ബിരുദം നടപ്പാക്കുന്നതിന്റെ പേരിൽ പരീക്ഷാ ഫീസുകൾ കുത്തനേ കൂട്ടിയ തീരുമാനം കേരള സർവകലാശാല പുനഃപരിശോധിക്കുന്നു. ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ എന്നിവർ അടിയന്തരമായി റിപ്പോർട്ട് നൽകാൻ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ നിർദ്ദേശിച്ചു. പുതിയ പരീക്ഷാ രീതി വരുമ്പോൾ പരീക്ഷാ നടത്തിപ്പ് ചെലവ് വർദ്ധിക്കുന്നുണ്ടോ, അതിന് ആനുപാതികമായാണോ ഫീസ് കൂട്ടിയത് എന്നിവയടക്കം അറിയിക്കാനാണ് നിർദ്ദേശം. വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് വൈസ്ചാൻസലർ 'കേരളകൗമുദി'യോട് പറഞ്ഞു.
ആരോഗ്യ സർവകലാശാലയിലടക്കം 20 ശതമാനം എന്ന കണക്കിലാണ് ഫീസ് വർദ്ധിപ്പിക്കാറുള്ളത്. കേരളയിൽ മൂന്നും നാലും ഇരട്ടിയായാണ് കൂട്ടിയത്. തിയറി പേപ്പറുകൾക്ക് 50രൂപയിൽ നിന്ന് 150ആയും പ്രാക്ടിക്കൽ ഉള്ള തിയറിക്ക് 50ൽ നിന്ന് 250ആയും പരീക്ഷാ ഫീസ് കൂട്ടി. ഇംപ്രൂവ്മെന്റിന് ഇത് യഥാക്രമം 200, 300 രൂപയാണ്. സപ്ലിമെന്ററി പരീക്ഷയ്ക്ക് തിയറിക്ക് ഒരു പേപ്പറിന് 300ഉം പ്രാക്ടിക്കലുള്ള തിയറി പേപ്പറിന് 350ഉം രൂപയാക്കി. നേരത്തേ ഇത് 50, 100 രൂപയായിരുന്നു. പുനഃപരിശോധനയ്ക്കുള്ള ഫീസ് 300, 500 രൂപയാക്കിയിട്ടുണ്ട്. മാർക്ക് ഷീറ്റിനുള്ള ഫീസ് 75 രൂപയാക്കി.
സിൻഡിക്കേറ്റിന്റെ ഫിനാൻസ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഫീസുകൾ കൂട്ടിയത്. സിൻഡിക്കേറ്റിൽ ആരും എതിർത്തില്ല. വിവാദമായതോടെയാണ് പുനഃപരിശോധന.
യഥാർത്ഥത്തിൽ
ചെലവ് കുറയും
നാലുവർഷ ബിരുദത്തിൽ ഒന്നിടവിട്ട സെമസ്റ്ററുകളിൽ പരീക്ഷാ നടത്തിപ്പ് ചുമതല കോളേജുകൾക്ക് കൈമാറിയതിനാൽ സർവകലാശാലയ്ക്ക് ചെലവ് കുറയുകയാണ്. കോളേജുകളിലെ അദ്ധ്യാപകരാണ് മൂല്യനിർണയവും നടത്തേണ്ടത്. മൂന്നു മണിക്കൂർ പരീക്ഷ രണ്ടു മണിക്കൂറാക്കി. മൈനർ വിഷയങ്ങളിൽ ഒന്നര മണിക്കൂർ പരീക്ഷയാണ്. വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നിറുത്തിയതു കാരണമുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് ഫീസ് കുത്തനേ കൂട്ടിയതെന്നാണ് ആക്ഷേപം. ഭരണപക്ഷ വിദ്യാർത്ഥി സംഘടനകളടക്കം പ്രതിഷേധത്തിലാണ്.