1

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിൽ പൗർണമിയായ ഇന്നലെ തഞ്ചാവൂർ രാജാവ് ശിവജി രാജാ ഭോസ്ലെ ഉടവാൾ സമർപ്പിച്ചു.നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന പാപത്തിന് പരിഹാരമായാണ് തഞ്ചാവൂർ രാജാവ് ഉടവാൾ സമർപ്പിച്ചത്.പൗർണമിക്കാവിന്റെ പഴയ രൂപമായ പടകാളിയമ്മൻ കോവിലിലെ ഉടവാളിനെ സാക്ഷിയാക്കിയാണ് ആയ് രാജവംശം ഭരിച്ചിരുന്നത്. ആയ് രാജ്യത്തിന്റെ സമ്പദ് സമൃദ്ധിയിൽ അസൂയ പൂണ്ട ചോളൻമാരും പാണ്ഡ്യൻമാരും ആയ് രാജാക്കൻമാരെ നിരന്തരം ആക്രമിച്ചു കൊണ്ടേയിരുന്നു. രാജ്യത്തിന് ഐശ്വര്യം നൽകിയിരുന്ന പടകാളിയമ്മൻ കോവിലിനെ നശിപ്പിച്ച് വിഗ്രഹങ്ങളും ഉടവാളും ചോളൻമാർ തട്ടിയെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോയി.അതിനു ശേഷമാണ് ചോള ഭരണത്തിന്റെ സുവർണകാലം ആരംഭിച്ചത്.

പടകാളിയമ്മൻ കോവിലും അവിടെയുണ്ടായിരുന്ന കാന്തള്ളൂർ ശാലയും ശ്രീലങ്കൻ വിദ്യാർത്ഥികൾ കാന്തള്ളൂർ ശാലയിലേക്ക് വന്നിറങ്ങിയ വിഴിഞ്ഞം തുറമുഖവും ക്രമേണ നശിച്ചു.

ചോളൻമാരുടെ അന്നത്തെ നടപടിക്ക് പാപപരിഹാരമായാണ് ശിവജി രാജാ ഭോസ്ലെ പൗർണമിക്കാവിൽ വന്ന് പഞ്ചശക്തി പൂജ നടത്തി ഉടവാൾ സമർപ്പിച്ചത്.പൗർണമിക്കാവിൽ എത്തിയപ്പോൾ മുജ്ജന്മ സുകൃതാനുഭവങ്ങൾ മനസിൽ അനുഭവപ്പെട്ടെന്ന് തഞ്ചാവൂർ രാജാവ് പറഞ്ഞു. കുടുംബപൂജ നടത്താനായി എല്ലാ അംഗങ്ങളുമായി പൗർണമിക്കാവിൽ എത്തുമെന്നും ശിവജി രാജാ ഭോസ്ലെ അറിയിച്ചു. ക്ഷേത്രം ഭാരവാഹികൾ പൂർണകുംഭം നൽകിയാണ് തഞ്ചാവൂർ രാജാവിനെ സ്വീകരിച്ചത്.

ക്യാപ്ഷൻ: തഞ്ചാവൂർ രാജാവ് ശിവജി രാജാ ഭോസ്‌ലെ പൗർണമിക്കാവിൽ ഉടവാൾ സമർപ്പിക്കുന്നു