vineesh

വെഞ്ഞാറമൂട്:കഞ്ചാവ് കടത്ത് കേസിലെ പ്രധാന പ്രതിയും ഒളിവിൽ കഴിയാൻ സഹായിച്ച ആളും അറസ്റ്റിൽ.ചിറയിൻകീഴ് വലിയചിറ എ.എസ് ഭവനിൽ വിനീഷ് (28) ,ഒളിവിൽ കഴിയാൻ സഹായിച്ച അനൂപ് (26) എന്നിവരാണ് അറസ്റ്റിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബാംഗ്ലൂരിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത് .2022 ലാണ് സംഭവം.വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു സമീപത്ത് ഒരു വീട്ടിൽ നിന്ന് 200 കിലോ കഞ്ചാവ് പിടിച്ചിരുന്നു. എന്നാൽ അന്ന് പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രണ്ടു വർഷക്കാലമായി അന്വേഷണ സംഘത്തിന് പിടികൊടുക്കാതെ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും, തമിഴ്നാട്ടിലെയും,കർണാടകയിലെയും വിവിധ സ്ഥലങ്ങളിലുമായി ഒളിവിൽക്കഴിഞ്ഞു വരികയായിരുന്നു. ഒളിവിലായിരിക്കെ തന്നെ കേരളത്തിലേക്ക് മാരകമായ രാസലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ഇയാൾ. കഴിഞ്ഞ വർഷം ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കടത്ത് കേസിലെ ഒന്നാം പ്രതിയാണ്. പിടിയിൽ പെടാതിരിക്കാൻ മൊബൈൽ ഫോൺ,സോഷ്യൽ മീഡിയ അക്കൗണ്ടുകളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. പ്രതികളെ പിടികൂടുന്നതിനായി റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപ്,വെഞ്ഞാറമൂട് പൊലീസ്ഇൻസ്പെക്ടർ.അനൂപ് കൃഷ്ണ , സബ് ഇൻസ്പെക്ട‌‌ർ ഷാൻ, ഡാൻസാഫ്‌ സബ് ഇൻസ്പെക്ടർ ദീലീപ്,എ.എസ്.ഐ രാജീവ്, അനൂപ് റിയാസ്,ദിനോർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ഒരുമാസമായി തമിഴനാട് ,കർണ്ണാടക സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.