തിരുവനന്തപുരം: സി.പി.എം ചാല ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനുമെതിരെ രൂക്ഷ വിമർശനം. ആരുപറഞ്ഞാലും തിരുത്താത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. പാർട്ടിയിൽ ആശയങ്ങളുടെ പേരിൽ വിഭാഗീയതയില്ല. പകരം നേതാക്കൾ തമ്മിലുള്ള ഈഗോയിലാണ് വിഭാഗീയത ഉടലെടുക്കുന്നത്. തെറ്റ് ചെയ്യുന്ന നേതാക്കൾ സ്വയം തിരുത്താൻ തയ്യാറാവുന്നില്ല. ഇതേ സമയത്താണ് പാർട്ടി തെറ്റ് തിരുത്തൽ രേഖയുമായി വരുന്നത്. സെക്രട്ടേറിയറ്റിലെത്തുന്ന സാധാരണ ജനങ്ങൾക്ക് മുഖ്യമന്ത്രിയെ മാത്രമല്ല ഒരു മന്ത്രിയേയും കാണാനാവാത്ത അവസ്ഥയാണുള്ളത്. ഇത് കമ്മ്യൂണിസ്റ്റ് ഭരണമാണോയെന്നും പ്രതിനിധികൾ ചോദ്യമുയർത്തി.

സാധാരണ ജനങ്ങളോ പാർട്ടി നേതാക്കളോ ഉൾപ്പെടെ ആര് ഫോണിൽ വിളിച്ചാലും മേയറെ കിട്ടാറില്ല. സ്വന്തം വാർഡായ മുടവൻ മുകളിൽ പോലും കാണാനാവാത്ത മേയർക്ക് ധാർഷ്ട്യമാണ്. പലതവണ ചൂണ്ടിക്കാട്ടിയിട്ടും പാർട്ടി നേതൃത്വമിടപെട്ട് ഇത് തിരുത്താൻ തയ്യാറാവുന്നില്ല. നിരവധി തവണ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും സംസ്ഥാന- ജില്ലാ നേതൃത്വങ്ങൾ ഇതിന് ഒരുങ്ങുന്നില്ല. കെ.എസ്.ആർ.ടി.സി ഡ്രൈവറുമായി ബന്ധപ്പെട്ട വിവാദം പൊതുജനങ്ങൾക്കിടയിൽ വലിയ ആക്ഷേപത്തിന് വഴിവച്ചു. ഏതെങ്കിലും അവാർഡ് കിട്ടിയാൽ അത് ഫ്ളക്സ് അടിച്ചുനിരത്തി പ്രദർശിപ്പിക്കുന്ന മേയർക്ക് പ്രത്യേക സംരക്ഷണമുണ്ടോയെന്നും പ്രതിനിധികളിൽ ചിലർ ചോദിച്ചു.

പാർട്ടിയിലെ പ്രധാനപ്പെട്ട ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ കുടുംബാംഗം മണൽമാഫിയയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽപ്പെട്ടു. ഇതേപ്പറ്റി ഒരു ലോക്കൽക്കമ്മിറ്റിയംഗം തെളിവു സഹിതം ജില്ലാ നേതൃത്വത്തിന് പരാതി കൈമാറിയിട്ടും നടപടിയുണ്ടായില്ല. എന്നാൽ പരാതി നൽകിയ അംഗത്തെ ഒരു ജില്ലാ നേതാവ് ശാസിച്ചു. ഈ പോക്ക് പാർട്ടിയെ നാശത്തിലേക്ക് നയിക്കുമെന്നും വിമർശനമുയർന്നു.

ആരോഗ്യമന്ത്രി വീണജോർജിനെ കാണാനില്ലെന്നും അംഗങ്ങൾ വിമർശിച്ചു. മെഡിക്കൽ കോളേജിൽ തോന്നിയതുപോലെയാണ് ഭരണം നടക്കുന്നത്. ഡയാലിസിസിന് വിധേയമാകുന്ന രോഗിക്കു പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം ലഭിക്കാൻ സർട്ടിഫിക്കറ്റ് ഒപ്പിട്ട് നൽകാത്ത അവസ്ഥയാണുള്ളത്. മുട്ടത്തറ സർവീസ് സഹകരണ ബാങ്കിൽ ഒരു പ്രത്യേക സമുദായത്തിനു മാത്രം ലോണുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ സഹകരണ നിയമം ലംഘിച്ച് ഒരു മുൻ പ്രസിഡന്റ് നൽകിയിട്ടുണ്ട്. ഈ സഖാവിനെതിരെ നടപടിയെടുക്കാൻ പാർട്ടിക്ക് പേടിയാണോയെന്നും പ്രതിനിധികൾ ചോദിച്ചു.