
വിതുര: തൊളിക്കോട്,വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേരയത്തുപാറ,ചാരുപാറ മേഖലയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു. പ്രദേശത്ത് മാലിന്യനിക്ഷേപം ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് തൊളിക്കോട് പഞ്ചായത്ത് ചായം വാർഡ് മെമ്പർ ആർ.ശോഭനകുമാരിയുടെയും മുൻ മെമ്പർ ആനപ്പെട്ടി ബിജുവിന്റെയും നേതൃത്വത്തിൽ തൊളിക്കോട് പഞ്ചായത്ത് പരിധിയിൽ നിക്ഷേപിച്ചിരുന്ന മാലിന്യം മുഴുവൻ നീക്കം ചെയ്തു. ചേന്നൻപാറ, ചായംവാർഡ് പരിധിയിൽപ്പെടുന്ന ചാരുപാറ, പേരയത്തുപാറ മേഖലകളിലാണ് വൻതോതിലുളള മാലിന്യംനിക്ഷേപം. ആര്യനാട്,പാലോട്,നന്ദിയോട്,നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകാനായി ആയിരങ്ങൾ ആശ്രയിക്കുന്ന പ്രധാനറോഡാണ് ചായം ചാരുപാററോഡ്. ഇറച്ചി വില്പന ശാലകളിലെ വേസ്റ്റുകൾ രാത്രികാലങ്ങളിൽ ഇവിടെ നിക്ഷേപിക്കുക പതിവാണ്. വിതുര പരിധിയിലുളള മാലിന്യം ഇതുവരെ നീക്കം ചെയ്തിട്ടില്ല. മാലിന്യം നീക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പേരയത്തുപാറ റസിഡന്റ് അസോസിയേഷൻ പ്രസിഡൻന്റ് വിതുര ആർ.സുധാകരൻ അറിയിച്ചു.
ഇറച്ചി ശാലകളിലെ വേസ്റ്റുകളും
രാത്രികാലങ്ങളിൽ ഇറച്ചി വില്പന ശാലകളിലെ വേസ്റ്റുകൾ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് അലക്ഷ്യമായി റോഡിൽ വലിച്ചെറിയുക പതിവാണ്. ഇറച്ചി വേസ്റ്റുകൾ കാക്കകളും മറ്റും കൊത്തിവലിച്ച് സമീപ വീടുകളിലും കിണറുകളിലും കൊണ്ടിടുന്നുണ്ട്.
മാത്രമല്ല വീടുകളിലെ വേസ്റ്റുകളും നിക്ഷേപിക്കുന്നത് പതിവാണ്. ഇവിടങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. ഈ പ്രദേശങ്ങളിൽ പൊലിസ് പട്രോളിംഗ് നടത്തിവരികയാണ്.
തെരുവുനായ ശല്യം
മാലിന്യം കഴിക്കാൻ തെരുവുനായ്ക്കൾ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ചാരുപാറ റോഡിലാണ് വിതുര എം.ജി.എം സ്കൂൾ പ്രവർത്തിക്കുന്നത്.
പ്രദേശവാസികളെയും സ്കൂൾ കുട്ടികളെയും മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ ആക്രമിക്കാറുണ്ട്. മാത്രമല്ല രാത്രിയിൽ വാഹനങ്ങളിൽ തെരുവുനായ്ക്കളെ കൊണ്ട് തളളുന്നതും പതിവാണ്. മാലിന്യനിക്ഷേപവും തെരുവുനായശല്യവും തടയിടണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ ദീപ സി.നായർ,മാനേജർ അഡ്വ.എൽ.ബീന, പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ എന്നിവർ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.