samartha

തിരുവനന്തപുരം: വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ കുട്ടികളെ സ്വീകരിക്കാനും അവരോട് കൂട്ടുകൂടാനും പുതിയൊരു റോബോട്ടിക് അതിഥിയെത്തി.സമർത്ഥയെന്നാണ് പേര്.'കുട്ടികൾക്ക് സുരക്ഷയും മാനസിക പിന്തുണയും ഉറപ്പുവരുത്തുന്നതിനാണ് സമർത്ഥ. റോബോർട്ടിന്റെ അനാവരണം ചിന്മയ എഡ്യൂക്കേഷണൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് സേവക് ആർ.സുരേഷ് മോഹൻ,തിരുവനന്തപുരം ചിന്മയ മിഷൻ ബ്രഹ്മചാരി സുധീർ ചൈതന്യ,സി.ഇ.സി ആൻഡ് സി.ടി അക്കാഡമിക് കോഓർഡിനേറ്റർ ശോഭറാണി,പ്രിൻസിപ്പൽ ആശാലത പി.എം,വൈസ് പ്രിൻസിപ്പൽ ഇന്ദു വിക്രമൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

കുട്ടികളുടെ പെരുമാറ്റങ്ങളും നീക്കങ്ങളും അവരുടെ ശരീര,മുഖഭാവങ്ങൾ നിരീക്ഷിച്ച് മനസിലാക്കാനും ക്ലാസിലെ അച്ചടക്കം നിയന്ത്രിക്കാനും അച്ചടക്കലംഘനമുണ്ടാകുന്ന അവസരത്തിൽ മുന്നറിയിപ്പ് നൽകാനുമുള്ള കഴിവ് സമർത്ഥയ്ക്കുണ്ട്. സ്കൂളിലെത്തുന്ന അതിഥിക്ക് സ്കൂൾ ഘടനയെപ്പറ്റി കൃത്യമായ ദിശാബോധം നൽകാനും സ്കൂൾ പ്രവേശനത്തിന് എത്തുന്ന വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കു മുൻഗണന ക്രമത്തിൽ അപ്പോയ്മെന്റുകൾ നൽകാനും പരാതികൾ രേഖപ്പെടുത്താനും സാധിക്കും.

സ്കൂൾ റോബോട്ടിക്സ് ആൻഡ് എ.ഐ വിഭാഗം നേതൃത്വം വഹിക്കുന്ന ടെക്കോസ റോബോട്ടിക്സ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് മേധാവി സാം എസ്.ശിവന്റെ മാർഗനിർദേശത്തിൽ 3 മാസം കൊണ്ടാണ് കുട്ടികൾ സമർത്ഥ റോബോട്ട് വികസിപ്പിച്ചെടുത്തത്.