k

'നടുവൊടിക്കുന്ന റോഡുകളിലൂടെ സവാരിക്കാരെയും കൊണ്ടുള്ള സാഹസികയാത്ര. അതാണിപ്പോൾ ജീവിതം. സമ്പാദ്യങ്ങളില്ല. എന്നെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്..." ഓട്ടോ ഡ്രൈവർമാരായ വിജയന്റെയും സുരേഷിന്റെയും മുഖത്ത് ദൈന്യതയായിരുന്നു. മീറ്റർ കൂലി ഇരട്ടിയായി വാങ്ങിക്കുന്നവരും കഴുത്തറപ്പൻ റിട്ടേൺ റേറ്റ് ചാർജ് ചെയ്യുന്നവരും ഉണ്ടെന്ന് ഇവരും സമ്മതിക്കുന്നു. ഇക്കാരണത്താൽ സത്യസന്ധമായി ജോലി ചെയ്യുന്നവരും പ്രതിക്കൂട്ടിലാവുന്നതിൽ ഇവർക്ക് ദുഃഖമുണ്ട്. ഓട്ടോ തൊഴിലാളികൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളും അപ്രസക്തമായിപ്പോകുന്നു. നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് ആർ.സി.സിയിലേക്ക് സൗജന്യമായി സവാരി നൽകുന്നവർ,മറന്നുവച്ച പേഴ്സ് നൽകാൻ കിലോമീറ്ററുകൾ തിരിച്ചുപോകുന്നവർ... മനുഷ്യത്വം മരവിക്കാത്തവർ ഇവർക്കിടയിലുമുണ്ട്...പ്രതിസന്ധികളെയും പ്രതീക്ഷകളെയുംപറ്റി തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർമാർ കേരളകൗമുദിയോട് സംസാരിക്കുന്നു...

കുരുക്കിൽ അമരുമ്പോൾ

പ്രധാന റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് ഓട്ടത്തെ സാരമായി ബാധിക്കുന്നു. സ്മാർട്ട്സിറ്റിയുടെയും ജലഅതോറിട്ടിയുടെയും പണി നടക്കുന്ന സമയത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഗതാഗതക്കുരുക്കിൽ കിടക്കുമ്പോൾ ശരാശരി ഓട്ടങ്ങൾ കുറയും. ഇന്ധനവും നഷ്ടമാകും. പൂജപ്പുര,ഇടപ്പഴിഞ്ഞി,കിഴക്കേക്കോട്ട,വഴുതക്കാട് എന്നിവിടങ്ങളിലെ ഗതാഗതനിയന്ത്രണം കാര്യക്ഷമമല്ലാത്തത് പ്രശ്നം ഇരട്ടിപ്പിക്കുന്നു. വാടകയ്ക്ക് ഓടുന്നവർ പ്രതിദിനം 350 രൂപയെങ്കിലും ഉടമയ്ക്ക് നൽകണം. പെട്രോൾ വിലവർദ്ധനവും ഇരുട്ടടിയാകുന്നു. അന്നന്നുള്ള ചെലവുകൾ നടക്കുന്നുണ്ടെങ്കിലും സമ്പാദ്യം ശൂന്യമാണ്. സ്വന്തം ഓട്ടോയെന്നത് പലർക്കുമൊരു സ്വപ്നം മാത്രമാണ്.

പമ്പുകളില്ല

സി.എൻ.ജിയിൽ ഓടുന്ന വണ്ടികൾക്ക് ഇന്ധനമടിക്കാൻ പമ്പുകളുടെ എണ്ണം കുറവാണ്. തിരുവനന്തപുരത്ത് ഏകദേശം 8000 വണ്ടികൾ സി.എൻ.ജിയിൽ ഓടുന്നവയാണ്. ഇന്ധനമടിക്കാൻ മാത്രം കിലോമീറ്ററുകൾ സഞ്ചരിക്കണം. അവിടെയും മണിക്കൂറുകളുടെ കാത്തുനിൽപ്പ്. എൽ.പി.ജി പമ്പുകൾ 15 എണ്ണം തുറക്കുമെന്ന് പറഞ്ഞിടത്ത് നിലവിലുള്ളത് മൂന്നെണ്ണം മാത്രമാണ്. ഓൺലൈൻ വാഹനങ്ങൾ വന്നതോടെ ഓട്ടങ്ങൾ കുറഞ്ഞു. പ്രായമായ ആളുകൾ മാത്രമാണ് ഓട്ടോയെ ആശ്രയിക്കുന്നത്. സർക്കാർ സർവീസുകളിൽ നിന്ന് വിരമിച്ചവരും അധികവരുമാനം കണ്ടെത്താൻ ഓട്ടോ ഓടിക്കുന്നുണ്ട്. ഇതോടെ മുഴുവൻ നേരം ഓടുന്നവർക്ക് ഓട്ടങ്ങൾ കുറയുന്നു.

പെർമിറ്റില്ലാതെ

നഗരസഭയുടെ അനുമതിയോടെ നഗരത്തിനകത്ത് 40,000ന് മുകളിൽ ഓട്ടോകൾ ഓടുന്നുണ്ട്. സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് മാത്രം ഓടുന്ന ഇവർക്ക് നഗരപരിധി വിട്ട് പോകാതിരിക്കാൻ സിറ്റി പെർമിറ്റുണ്ട്.നെടുമങ്ങാട്,കാട്ടാക്കട എന്നിവിടങ്ങളിൽ നിന്നുള്ളവർ നഗരത്തിലേക്കെത്തി ഓട്ടമെടുക്കുന്നത് സിറ്റിയിൽ ഓടുന്നവർക്ക് വെല്ലുവിളിയാകുന്നു.