arogyarangathmattamkothic

പള്ളിക്കൽ: ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയാക്കി പള്ളിക്കൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.

ദീർഘകാലം പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചുവന്ന ആശുപത്രി 2018ലാണ് സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. മനോരോഗ,ശിശുരോഗവിദഗ്ദ്ധർ ഉൾപ്പെടെ അഞ്ച് ഡോക്ടർമാരുടെ സേവനമാണ് നിലവിലുള്ളത്. എന്നാൽ ശിശുരോഗ വിദഗ്ദ്ധ മിക്കാവാറും ശമ്പളരഹിത അവധിയിലും മറ്റുള്ളവരിൽ ക്യാമ്പ്, മീറ്റിംഗ് മറ്റ് തിരക്കുകളിലുമാകുന്നതോടെ രോഗികളെ പരിശോധിക്കാൻ ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനമേ ലഭിക്കൂ.

ഇരുന്നോറോളം രോഗികളാണ് ദിവസവും ഒ.പിയിൽ ചികിത്സയ്ക്കെത്തുന്നത്. ഇവരെ ചികിത്സിക്കാൻ നിലവിലെ ഘടനയനുസരിച്ച് ഡോക്ടർമാരുടെ സേവനം അപര്യപ്തമെന്ന് രോഗികളും പറയുന്നു.രാവിലെ 9 മുതൽ ഉച്ചക്ക് 2വരെ റഗുലർ ഒ.പിയും വൈകിട്ട് 6വരെ എൻ.എച്ച്.എം നിയമിച്ചിട്ടുള്ള ഒരു ഡോക്ടറുമാണ് ചികിത്സിക്കുന്നത്. മറ്റ് സമയങ്ങളിൽ ഇവിടെ ചികിത്സ ഇല്ലാത്തതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടിവരും.

മുഴുവൻ സമയസേവനം വേണം

അഞ്ച് നിലകളിലായി ആധുനിക സൗകര്യങ്ങളോടെ പുതിയകെട്ടിടം പണി പൂർത്തിയാകുന്നതോടെ താലൂക്ക് ആശുപത്രിയായി ഉയർത്തി 24 മണിക്കൂറും സേവനം ലഭ്യമാക്കണമെന്ന് രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്.

പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ

ഓപ്പറേഷൻ തിയേറ്റർ, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 20 കിടക്കകളുള്ള പ്രത്യേക വാർഡുകൾ, പേവാർഡ് സൗകര്യം, പാലിയേറ്റിവ് കെയർ വാർഡ്

നിലവിലെ ജീവനക്കാർ

അഞ്ച് ഡോക്ടർമാർ, രണ്ട് നഴ്സുമാർ, പതിനഞ്ചോളം മറ്റുജീവനക്കാർ

നേടിയ അംഗീകാരങ്ങൾ

തുടർച്ചയായി രണ്ടാം വർഷവും സംസ്ഥാനതല കായകൽപ അവാർഡ്.

ഏറ്റവും മികച്ച സംസ്ഥാന സബ്‌ജില്ലാതല എക്കോ ഫ്രണ്ട്ലി ആശുപത്രി.

ചിത്രം:പണി പൂർത്തിയാക്കുന്ന പള്ളിക്കൽ ഗവ: ആശുപത്രിയിലെ പുതിയ കെട്ടിടം