disanayaka

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിലും പ്രസിഡന്റ് കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള ഇടതുസഖ്യമായ നാഷണൽ പീപ്പിൾസ് പവർ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയിരിക്കുകയാണ്. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയായ ജനത വിമുക്‌തി പെരമുനയാണ് 27 പാർട്ടികൾ അടങ്ങിയ ദേശീയ ജനശക്തി മുന്നണിക്ക് നേതൃത്വം നൽകിയത്. ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റായ കുമാര ദിസനായകെ ആ പദവിയിലെത്തുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ കൂടിയാണ്. മുൻ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയുടെ പാർട്ടിക്ക് ഭൂരിപക്ഷമുള്ള നിലവിലുള്ള പാർലമെന്റിൽ ദിസനായകെയ്‌ക്ക് ഭരണം വെല്ലുവിളിയായിരുന്നു. ഭരണപരിഷ്‌കാരങ്ങൾക്കും നിയമ നിർമ്മാണത്തിനും പുരോഗമനപരമായ പാർലമെന്റാണ് വേണ്ടതെന്ന ദിസനായകെയുടെ വാദം ജനങ്ങൾ മഹാഭൂരിപക്ഷത്തോടെ അംഗീകരിച്ചിരിക്കുകയാണ്.

രാജത്തെ ന്യൂനപക്ഷമായ തമിഴ്‌വംശജർ കൂടുതലുള്ള വടക്കൻ ജില്ലയായ ജാഫ്‌നയിലടക്കം ദേശീയ ജനശക്തി മുന്നണിയാണ് ഭൂരിഭാഗം വോട്ടുകളും പിടിച്ചത്. എൽ.ടി.ടിയുമായുള്ള ആഭ്യന്തര യുദ്ധത്തിനുശേഷം വിജയം വരിച്ച സർക്കാർ പിടിച്ചെടുത്ത തമിഴ് വംശജരുടെ ഭൂമി അവർക്ക് തന്നെ വിട്ടുകൊടുക്കുമെന്ന് ദിസനായകെ പ്രഖ്യാപിച്ചതാണ് തമിഴ് വംശജരുടെ പിന്തുണ കൂടി നേടിയെടുക്കാൻ ഇടയാക്കിയത്. ശ്രീലങ്കയിലെ മുൻ പ്രസിഡന്റുമാർ തമിഴ് വംശജർക്ക് നൽകുന്ന വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങളായി മാത്രം അവശേഷിക്കുന്നതാണ് ഇതുവരെയുള്ള പതിവ്. അതിൽ വ്യത്യാസം വരുത്താൻ ദിസനായകെയ്ക്ക് കഴിഞ്ഞാൽ അത് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് പുലർത്തുന്ന പ്രതിബദ്ധതയുടെ പ്രത്യക്ഷ വിജയം കൂടിയായി മാറും.

കടക്കെണിയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്നതാണ് ദിസനായകെയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. സ്വാഭാവികമായും സിംഹള ജനത ഇത്രയും ഭൂരിപക്ഷം നൽകിയ സ്ഥിതിക്ക് ദിസനായകെയിൽ നിന്ന് അത്ഭുതങ്ങളാവും പ്രതീക്ഷിക്കുക. തദ്ദേശ, പ്രവിശ്യാ തിരഞ്ഞെടുപ്പുകൾ നടത്തി അധികാരം ജനങ്ങൾക്ക് തന്നെ നൽകുമെന്ന് ദിസനായകെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം താമസംവിനാ നടപ്പാക്കിയാൽ താഴെത്തട്ടിൽ നിന്നുള്ള പിന്തുണയും ദിസനായകെയ്ക്ക് ഉറപ്പാക്കാം.

പ്രസിഡന്റിലും പ്രധാനമന്ത്രിയിലുമായി അധികാരങ്ങൾ വീതിക്കപ്പെടുന്ന നിലവിലെ അവസ്ഥ രണ്ടധികാര കേന്ദ്രങ്ങളെന്ന സ്ഥിതി സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ അധികാരങ്ങൾ പ്രസിഡന്റിൽ കേന്ദ്രീകരിക്കുന്ന വിധം ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന് ദിസനായകെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പാർലമെന്റിലെ ഭൂരിപക്ഷം മാത്രം പോരാ. മറിച്ച് രാജ്യത്തെ സിംഹള, തമിഴ്, മുസ്ളിം വിഭാഗങ്ങൾ തമ്മിൽ ഐക്യമുണ്ടാവുകയും വേണം. ദിസനായകെയുടെ പ്രതീക്ഷയുളവാക്കുന്ന വാഗ്ദാനങ്ങൾ പ്രായോഗികമായി നടപ്പിലായാൽ ഈ ഐക്യം സാദ്ധ്യമാക്കാവുന്നതേയുള്ളൂ.

മുൻ ഭരണാധികാരികളായ രാജപക്‌സെയും സഹോദരൻ ഗോട്ടബായ രാജപക്‌സെയും അധികാരത്തിലിരുന്ന കാലം നവ ലിബറൽ നയങ്ങളിലൂടെ വിദേശ കടത്തിന്റെ കെണിയിൽ വീണ കാലം കൂടിയായിരുന്നു. വൻതോതിലാണ് വിദേശ കടം സ്വീകരിച്ച് അടിസ്ഥാന സൗകര്യവികസനത്തിനായി ഉപയോഗിച്ചത്. ഇതിനായി ലോക ബാങ്ക്, എ.ഡി.ബി, ഐ.എം.എഫ്, ചൈനീസ് വികസന ഫണ്ട് എന്നിവയെയാണ് ആശ്രയിച്ചത്. കടമെടുപ്പിൽ കുരുങ്ങിയതോടെ ശ്രീലങ്കയിലെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ അവതാളത്തിലാവുകയും തൊഴിലില്ലായ്മ,​ വിലക്കയറ്റം എന്നിവ രൂക്ഷമാവുകയും ചെയ്തു. ഈ സാമ്പത്തിക തകർച്ചയോടൊപ്പം രാജപക‌്‌സെ കുടുംബത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവും കൂടിയായപ്പോൾ ശ്രീലങ്കയുടെ ദുരന്തചിത്രം പൂർണമാവുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ ശ്രീലങ്കയെ സുഹൃത് രാജ്യങ്ങളാരും തിരിഞ്ഞുനോക്കിയില്ല. ഇന്ത്യയാണ് പണവും മരുന്നും മറ്റു സാധനങ്ങളും നൽകി സഹായിച്ചത്. പുതിയ പ്രസിഡന്റ് ഇക്കാര്യങ്ങളൊക്കെ മറക്കാതെയാവും വിദേശ നയത്തിന് രൂപം നൽകുക എന്ന് പ്രതീക്ഷിക്കാം. ശ്രീലങ്കയിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചത് സാമ്പത്തികമായി രക്ഷപ്പെടാനാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അത് നേടിയെടുക്കാൻ ദിസനായകെയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കാം.