digital

ഗതാഗത നിയന്ത്രണച്ചുമതലയുള്ള പൊലീസ് സേനാംഗങ്ങളിൽ നിന്ന് ഏറ്റവുമധികം ദുരിതം നേരിടേണ്ടിവരുന്ന ഒരു വിഭാഗം വാടക വാഹനങ്ങൾ ഓടിക്കുന്നവരും ഇരുചക്ര വാഹന ഉടമകളുമാണ്. ഗതാഗത നിയമലംഘനങ്ങൾ നടന്നിട്ടില്ലെങ്കിൽപോലും പുതിയ കാരണങ്ങൾ സൃഷ്ടിച്ച് വാഹനം ഓടിക്കുന്നവരെ കുരുക്കിലാക്കുന്ന ഏർപ്പാട് പരക്കെയുണ്ട്. എതിർക്കാനോ പ്രതിഷേധിക്കാനോ ശ്രമിച്ചാൽ കേസെടുത്തു കോടതി കയറ്റാനും ശ്രമമുണ്ടായെന്നും വരാം. ഇത്തരം ഉപദ്രവങ്ങൾ പൊലീസിൽ നിന്ന് ഉണ്ടാകാതിരിക്കാൻ കൂടക്കൂടെ ഗതാഗതച്ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. എന്നാൽ നിർദ്ദേശങ്ങളനുസരിച്ചല്ല കാര്യങ്ങളുടെ പോക്കെന്ന് പൊതുനിരത്തുകളിലെ വാഹന പരിശോധനകൾ നോക്കിയാലറിയാം.

വളവുകളിലും തിരിവുകളിലും നിന്ന് വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിശോധിക്കരുതെന്ന് നേരത്തേയുള്ള നിർദ്ദേശമാണ്. വാഹന പരിശോധന വീഡിയോയിൽ പകർത്തണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളും കാര്യമായി പാലിക്കപ്പെടാറില്ല. ഇതിനെക്കാളൊക്കെ അലോസരപ്പെടുത്തുന്നത് വാഹനത്തിൽ ഡ്രൈവിംഗ് ലൈസൻസ്, ഒറിജിനൽ ആർ.സി തുടങ്ങിയ രേഖകൾ ഇല്ലെന്നതിന്റെ പേരിൽ നേരിടേണ്ടിവരുന്ന പൊലീസ് മുറകളാണ്. ഇവയുടെ പകർപ്പോ ഡിജിറ്റൽ തെളിവോ കാണിച്ചു ബോദ്ധ്യപ്പെടുത്താവുന്നതേയുള്ളൂ. എന്നാൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് പലപ്പോഴും ഒറിജിനൽ തന്നെ വേണമെന്നു ശാഠ്യമാണ്. ഒറിജിനൽ ഇല്ലാത്തതിന്റെ പേരിൽ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുക, പിഴ അടപ്പിക്കുക തുടങ്ങിയവ നേരിടേണ്ടിവരാറുണ്ട്. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരെ ശത്രുവായിക്കണ്ട് നേരിടുക എന്നതാണ് പലരുടെയും സമീപനം.

ഈ പശ്ചാത്തലത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഏറ്റവും പുതിയ ഉത്തരവ് പ്രസക്തമാകുന്നത്. വാഹന പരിശോധന നടത്തുമ്പോൾ പൊലീസുകാർ ഒറിജിനൽ ആർ.സിയും ഡ്രൈവിംഗ് ലൈസൻസും നിർബന്ധമായി ആവശ്യപ്പെടരുതെന്ന് കമ്മിഷണറുടെ നിർദ്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു. ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ ഒറിജിനൽ രേഖ ആവശ്യപ്പെടുന്നതിനു പകരം ഇതിനായുള്ള വാഹൻ സാരഥി പോർട്ടലിൽ പരിശോധിച്ച് ഉറപ്പുവരുത്തിയാൽ മതിയാകും. അതിലും രേഖകൾ ഇല്ലെങ്കിലേ നിയമപ്രകാരം കേസെടുക്കാവൂ. വിവരം പോർട്ടലിൽത്തന്നെ രേഖപ്പെടുത്തുകയും വേണം.

ഇ - ഗവേണൻസ് സമ്പ്രദായം വ്യാപകമായതോടെ ഒരു രേഖയും കൈവശം സൂക്ഷിക്കേണ്ടിവരാറില്ല. ഡിജിറ്റൽ രൂപത്തിൽ അവ ഫോണിൽ സൂക്ഷിക്കാവുന്നതേയുള്ളൂ. ഈ സൗകര്യം വ്യാപകമായി ജനങ്ങൾ പ്രയോജനപ്പെടുത്തുന്നുമുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ആർ.സി, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ ഡിജിറ്റൽ പകർപ്പ് മതിയാകും വാഹന പരിശോധനാവേളയിൽ പൊലീസിനെ ബോദ്ധ്യപ്പെടുത്താൻ. ഏറ്റവും ലളിതവും വിശ്വാസ്യവുമായ ഇങ്ങനെയൊരു സൗകര്യമുള്ളപ്പോൾ കടലാസിലുള്ള രേഖകൾ തന്നെ കാണിക്കണമെന്ന് വാശിപിടിക്കുന്നതെന്തിനാണ്? കടലാസ് രേഖകൾ ഇല്ലാത്തതിന്റെ പേരിൽ വാഹനം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുക, ഉടമയെ വട്ടം കറക്കുക എന്നീ ക്രൂരവിനോദങ്ങൾ വാഹന പരിശോധനകൾക്കിടയിൽ നടക്കാറുണ്ട്. പൊലീസിനോട് എതിരിട്ടാൽ കേസിൽ കുടുക്കുമെന്നതിനാൽ പലരും വഴങ്ങുകയാണ്.

സമൂഹത്തിന്റെ രക്ഷകരും സ്നേഹിതരുമാകേണ്ട പൊലീസ് സേന പരമാവധി ഔചിത്യത്തോടെ ജനങ്ങളെ സേവിക്കാൻ തയ്യാറാവുകയാണു വേണ്ടത്. പരിഷ്‌കൃത രാജ്യങ്ങളിൽ എത്ര വലിയ കുറ്റവാളിയോടും നിയമം വിട്ടു പൊലീസ് പെരുമാറില്ല. കുറ്റവാളികൾക്കും അവകാശങ്ങളുണ്ടെന്ന ബോദ്ധ്യം അവർക്കുണ്ട്.

ഗതാഗത നിയമലംഘനങ്ങൾ പിടിക്കാൻ വേണ്ടിയാണ് കോടിക്കണക്കിനു രൂപ ചെലവിട്ട് സർക്കാർ റോഡുനീളെ അത്യാധുനിക നിരീക്ഷണ ക്യാമറകൾ വച്ചത്. അവ അതിന്റെ ചുമതല കൃത്യമായി ചെയ്യുന്നുമുണ്ട്. ക്യാമറ കണ്ടുപിടിച്ച നിയമലംഘനങ്ങൾ ലക്ഷക്കണക്കിനു വരും. പിഴയായി അഞ്ഞൂറുകോടി രൂപയ്ക്കുമേൽ വരും ക്യാമറകൾ രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങൾ. ഈ തുക പിരിച്ചെടുത്താൽത്തന്നെ ഖജനാവിന് വലിയ മുതൽക്കൂട്ടാകും. അതിനുള്ള ഊർജ്ജിത ശ്രമം നടക്കുന്നില്ലെന്നതാണ് പോരായ്മയായി ശേഷിക്കുന്നത്.