
നെയ്യാറ്റിൻകര: ആര്യങ്കോട് ഗ്രാമപഞ്ചായത്ത് കുറ്റിയായണിക്കാട് വാർഡിലെ നൂറ്റാണ്ട് പഴക്കമുള്ള കാട്ടുകുളം സംരക്ഷണമില്ലാതെ നശിക്കുന്നു.കടുത്ത വേനലിലും വറ്റാത്ത കുളമാണ്. മുൻപ് നൂറുകണക്കിനാളുകൾ കുളിക്കാനും മറ്റും കുളത്തെ ആശ്രയിച്ചിരുന്നു.വാഴക്കൃഷിക്കും കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു.എന്നാൽ നീരൊഴുക്ക് തടസപ്പെട്ടതോടെ കൃഷിയിടത്തിലേക്ക് ജലമെത്താതായി.
സരസമംഗലം, തേവയിൽ, വയലിൻകട എന്നീ മേഖലയിലെ കൃഷിക്ക് ഈ കുളത്തെയാണ് ആശ്രയിക്കുന്നത്. മുൻപ് നെൽക്കൃഷിയായിരുന്നു.ഇപ്പോൾ വാഴ,പച്ചക്കറി കൃഷിയാണുള്ളത്. 5 ഏക്കർ വരുന്ന വയലിലേക്ക് ജലമെത്തുന്നില്ല. വാർഡിലെ കുട്ടികൾക്ക് നീന്തൽ പരീശിലനത്തിനായി കൊടുത്തിരുന്നത് ഈ കുളമാണ്. കാടുകയറി നശിച്ചതിനാൽ നീന്തൽ പഠിക്കാനും ഇപ്പോൾ കഴിയുന്നില്ല. പായലും പുല്ലും കുളവാഴയും നീക്കി ആളുകൾക്ക് പ്രയോജനമാകുന്ന രീതിയിൽ കുളം നവീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
ശുചീകരിച്ചത് നാലുവർഷം മുൻപ്
ഒരു ഏക്കറോളം വിസ്തൃതിയുണ്ട് കുളത്തിന്. അവസാനം ശുചീകരിച്ചത് നാലുവർഷം മുൻപാണ്. കാടുകയറിയതുകാരണം ഇപ്പോൾ വയലുകളിലേക്കും വെള്ളമൊഴുകുന്നില്ല. കുളത്തിലെ കൽപ്പടവുകൾ വരെ കാടുകേറി കാണാൻ കഴിയാത്ത അവസ്ഥയാണ്.രാത്രിയിൽ ഇഴജന്തുക്കൾ കാരണം ഇതുവഴിയുള്ള കാൽനട യാത്രയും ദുരിതമാണ്. പ്രദേശത്തെ വലിയ ജലസ്രോതസായ കുളം സംരക്ഷിക്കാൻ നടപടികൾ വേണമെന്നാണ് പരിസരവാസികളുടെ ആവശ്യം.
കുളം അടിയന്തരമായി നവീകരിക്കുന്നതിനെക്കുറിച്ച് അടുത്ത കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
പ്രമീള,സെക്രട്ടറി ഇൻചാർജ്ജ്