
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെ കലുങ്ക് നിർമാണം അവസാന ഘട്ടത്തിൽ. റോഡ് മുറിച്ച് നിർമ്മിക്കുന്ന കലുങ്കിന്റെ ഇരുവശത്തെയും ഭിത്തികളുടെ കോൺക്രീറ്റ് പണികൾ പൂർത്തിയായി. ഇനി സ്ലാബിട്ട് മൂടുന്ന നടപടിയാണുള്ളത്.
എന്നാൽ പുതിയ കലുങ്കിന്റെ നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് വ്യാപാരികളടക്കം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 25നാണ് പാലസ് റോഡിൽ കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കും ദുസഹമായ മലിനജലക്കെട്ട് നഗരസഭയുടെ ആരോഗ്യ വിഭാഗം പരിശോധിച്ചത്. നിലവിലുള്ള ഓടയും കലിങ്കും തകർന്നടഞ്ഞ് മലിനജലവിതരണം തടസപ്പെട്ടത് കൊണ്ടാണ് പാലസ് റോഡിൽ വെള്ളക്കെട്ടുണ്ടായത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയിൽ സംഭവം സ്ഥിരീകരിച്ചു. പരിഹാരമായി പഴയ ഓടയ്ക്ക് സമാന്തരമായി പുതി ഓടയും കലിങ്കും നിർമ്മിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് നിർദ്ദേശിച്ചു. ദീർഘകാല ആവശ്യം മുൻനിറുത്തി ആറര അടി താഴ്ചയിലും നാലടി വീതിയിലും ഓടനിർമ്മിക്കാനുള്ള രൂപരേഖ തയ്യാറാക്കി. അടിയന്തര ആവശ്യം പരിഗണിച്ച് ഒ.എസ്. അംബിക എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 10ലക്ഷം രൂപ അനുവദിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 30ന് റോഡ് അടച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു.
ആക്ഷേപം ശക്തം
നിശ്ചിത സമയത്ത് ഓട നിർമ്മാണം പൂർത്തിയാക്കിയപ്പോൾ കരാർ പ്രകാരമുള്ള താഴ്ചയും വീതിയുമില്ലെന്നായി പരക്കെ ആക്ഷേപം. പത്ത് ലക്ഷം രൂപയുടെ നിർമ്മാണം നടത്തിയപ്പോൾ പഴയ ഓടയെക്കാൾ ചെറുതാണ് നിലവിലേതെന്ന് വിമർശനമുണ്ട്. പുതിയ ഓട മണ്ണും പാഴ് വസ്തുക്കളും കൊണ്ട് വൈകാതെ തന്നെ അടയാനുള്ള സാദ്ധ്യതയും ഇവർ ചൂണ്ടിക്കാട്ടുന്നു.
ബുദ്ധിമുട്ടുണ്ടാക്കി പഴയ ഓട
സമീപത്തെ പഴയ ഓടയുടെ മൂടികളെല്ലാം നിലവിൽ ഇളകിക്കിടക്കുകയാണ്. ഈ സ്ലാബുകളുടെ വിടവുകളിലൂടെയും ഓടയിലേക്കും പുറത്തേക്കും വെള്ളമൊഴുകാനുള്ള സാഹചര്യമാണുള്ളത്.
സ്ലാബുകൾക്ക് മുകളിലൂടെ നടക്കുമ്പോൾ ഓടയിൽ നിറഞ്ഞുകിടക്കുന്ന മലിനജലം കാൽനടയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവായി.
വശങ്ങളിലെ ഓടകളിൽ വിവിധ കച്ചവട സ്ഥാപനങ്ങളിൽ നിന്നും മലിനജലം ഒഴുക്കുന്നത് നഗരസഭ കണ്ടെത്തുകയും അത് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന പൊതു ടോയ്ലെറ്റിലെ മാലിന്യസംഭരണിയിൽ നിന്നുള്ള വെള്ളം ഓടയിലേക്കൊഴുകിയെത്തുന്നതായും ആക്ഷേപമുണ്ട്.