pic

ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ സഖ്യമായ എൻ.പി.പി പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. രാജ്യത്തെ രക്ഷിക്കുന്ന ദേശീയ നായകനാകുമോ ദിസനായകെ? കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ ഡി. ജയചന്ദ്രൻ വിശകലനം ചെയ്യുന്നു..

പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഇടതുപക്ഷ സഖ്യം നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി വിജയിച്ചത് വലിയ പ്രതീക്ഷകളാണ് ശ്രീലങ്കയ്ക്ക് നൽകുന്നത്. ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. 225ൽ 159 സീറ്റും നേടി. രാജ്യത്ത് ശക്തമായ സാന്നിദ്ധ്യമാകാൻ പാർട്ടിക്ക് കഴിയുമെന്ന് ദിസനായകെ മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും 159 എന്ന സംഖ്യ പ്രതീക്ഷിച്ചതിലും അപ്പുറമാണ്. രാജ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡൻസി ഭരണ സംവിധാനം നീക്കി, പാർലമെന്ററി ഭരണ സംവിധാനം കൊണ്ടുവരാൻ വഴിയൊരുക്കുമെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രകടനപത്രികയിൽ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ പ്രാരംഭ നടപടികൾ വൈകാതെ ആരംഭിക്കുമെന്നാണ് കരുതേണ്ടത്. മികച്ച ഭൂരിപക്ഷമുള്ളതിനാൽ ശക്തമായ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. രാജ്യത്തെ രക്ഷിക്കുന്ന ദേശീയ നായകന്റെ പരിവേഷമാണ് അദ്ദേഹത്തിനിപ്പോൾ. 2022ൽ പീപ്പിൾസ് സ്ട്രഗിൾ മൂവ്മെന്റിലൂടെയാണ് ദിസനായകെ ജനശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രി ഹരിണി അമരസൂര്യയും വിജയിച്ചത് റെക്കാഡ് ഭൂരിപക്ഷത്തിലാണ്. ഇതും ജനങ്ങൾ നൽകിയ വിശ്വാസത്തിന്റെ അടയാളമാണ്. രണ്ടു കാരണങ്ങളാണ് ചരിത്രഭൂരിപക്ഷത്തിന് പിന്നിൽ. ഒന്ന് ജനങ്ങൾ ദിസനായകെയിൽ അർപ്പിച്ച വിശ്വാസം. രണ്ട് മുൻ ഭരണങ്ങളോടുള്ള എതിർപ്പ്. ഭണ്ഡാരനായകെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി, റെനിൽ വിക്രമസിംഗെയുടെ യു.എൻ.പി തുടങ്ങിയ പാർട്ടികളുടെ ഭരണം ജനം വെറുത്തു. രാജപക്സെ കുടുംബത്തിന്റെ അഴിമതിയും കാരണമായി. കൊവിഡ് വന്നതോടെ തകർന്നടിഞ്ഞ ടൂറിസം ഉൾപ്പെടെയുള്ള രംഗങ്ങളെ ശക്തിപ്പെടുത്തി സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ ദിസനായകെ രക്ഷിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ന്യൂനപക്ഷ പിന്തുണ

ജാഫ്ന ഉൾപ്പെടെയുള്ള വടക്ക്, കിഴക്കൻ മേഖലകളിലെ തമിഴ്, മുസ്ലിം ന്യൂനപക്ഷങ്ങളും ദിസനായകയെ പിന്തുണച്ചു. യുദ്ധം നടന്നപ്പോൾ പിടിച്ചെടുത്ത ഇവിടുത്തെ ഹോട്ടലുകളും വീടുകളും തിരികെനൽകുമെന്നും വികസനത്തിന് പ്രാധാന്യം കൊടുക്കുമെന്നുമുള്ള ദിസനായകെയുടെ വാക്കുകൾ വോട്ടുകളായി. അതേസമയം, ഇത്രയും ഭീമമായ ഭൂരിപക്ഷം നേടുമ്പോൾ ഭരണം സ്വേച്ഛാധിപത്യത്തിലേയ്ക്ക് നീങ്ങുമോയെന്ന് ചിലർ ഭയപ്പെടുന്നു. ജനങ്ങളർപ്പിച്ച വിശ്വാസം വലിയൊരു ഉത്തരവാദിത്വം കൂടിയാണ്. പ്രതിസന്ധികൾ ഉണ്ടായേക്കാമെങ്കിലും അത് ഉൾക്കൊണ്ട് അദ്ദേഹം മുന്നോട്ട് പോകുമെന്ന് കരുതാം.

ഇന്ത്യയുടെ പ്രീതി

ശ്രീലങ്കയിൽ ജനാധിപത്യം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനം ഇന്ത്യക്കും സ്വീകാര്യമാണ്. കഴിഞ്ഞദിവസം കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സന്തോഷ് ഝാ ദിസനായകയെ നേരിട്ടുകണ്ട് അഭിനന്ദിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും ബന്ധം നല്ല രീതിയിൽ മുന്നോട്ടു പോകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.