കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരിൽ അക്രമികളുടെ അഴിഞ്ഞാട്ടം കാരണം നാട്ടുകാർ ഭീതിയിൽ. കുറ്റിച്ചൽ,കോട്ടൂർ നിവാസികൾ അക്രമികളെ ഭയന്നാണ് കഴിയുന്നത്. സമാധാനത്തിൽ കഴിഞ്ഞവരുടെ ഉറക്കം കെടുത്തിയാണ് തുടരെയുള്ള അക്രമങ്ങൾ. കഞ്ചാവും മയക്കുമരുന്നുകളുടെ ഉപയോഗവും

മൂലം അക്രമങ്ങൾ വർദ്ധിക്കുകയാണ്. മയക്കുമരുന്നിന്റെ അമിത ഉപയോഗം തടയാൻ പൊലീസ്, എക്സൈസ്, പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഇത്തരക്കാർക്ക് വേണ്ടത്ര കൗൺസലിംഗും നൽകുന്നില്ല. കഞ്ചാവ്, എം.ഡി.എം.എ, ലഹരി ഗുളിക എന്നിവ യുവാക്കൾക്കിടയിലെത്തിക്കുന്നത് വില്പന സംഘങ്ങളാണ്. ഇതിനെതിരെ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. ലഹരി സംഘങ്ങൾക്കെതിരെ എക്സൈസും പൊലീസും സംയുക്തമായി പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അക്രമികളുടെ അഴിഞ്ഞാട്ടം

കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് അക്രമികൾ കോട്ടൂരിൽ അഴിഞ്ഞാടിയത്. ആഴ്ചകൾക്ക് മുൻപ് കോട്ടൂരിൽ പള്ളിയുടെ ഉദ്ഘാടനത്തിന് കുടുംബമായി പോയവരെ അക്രമികൾ കൈയേറ്റം ചെയ്തിരുന്നു.പരിക്കേറ്റവർ ചികിത്സയിലാണ്. അക്രമികളെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏല്പിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് നാട്ടുകാരെ വെല്ലുവിളിക്കുകയും ഓട്ടോ സ്റ്റാൻഡ്, ക്ഷേത്രം ബോർഡുകൾ തകർക്കുകയും ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. നിരവധി കേസുകളിലെ പ്രതികളാണ് അക്രമികൾ.

നെല്ലിക്കുന്ന് ആവാസകേന്ദ്രം
കുറ്റിച്ചൽ പഞ്ചായത്തിലെ നെല്ലിക്കുന്ന് കോളനിയാണ് അക്രമികളുടെ ആവാസകേന്ദ്രം. വർഷങ്ങൾക്ക് മുൻപ് നെല്ലിവിള കോളനിയിൽ ലഹരി സംഘങ്ങൾ നെയ്യാർഡാം പൊലീസിനെ മർദ്ദിച്ചിരുന്നു. പുറത്തു നിന്ന് ഇവിടേക്ക് നിരവധി ക്രിമിനൽ സംഘങ്ങൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സന്ധ്യ കഴിഞ്ഞാൽ കോട്ടൂരിലെ കടക്കാരും ഭീഷണി നേരിടുന്നു. കോട്ടൂർ,പരുത്തിപ്പള്ളി സ്കൂൾ,പന്നിയോട്,കള്ളിയൽ,നെല്ലിക്കുന്ന് പ്രദേശങ്ങൾ ഏറെക്കാലമായി ലഹരി സംഘങ്ങളുടെ പിടിയിലാണ്. അഗസ്ത്യവനമേഖലയിലെ ആദിവാസി യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നത് ആശങ്കയ്ക്കിടയാക്കുന്നു.

ആര്യനാട് എക്സൈസ് ലഹരി മാഫിയക്കെതിരെ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ മാസം ലഹരിയുമായി ബന്ധപ്പെട്ട് പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു.കുറ്റിച്ചലിലും പരിസര പ്രദേശങ്ങളിലും മദ്യവും ചാരായവും വില്പന നടത്തുന്നവരെ പിടികൂടി ശിക്ഷിച്ചു.കുറ്റിച്ചൽ ജംഗ്‌ഷന്‌ സമീപം പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രീക്കെതിരെ മദ്യ വില്പനയുമായി ബന്ധപ്പെട്ട് ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ആര്യനാട് എക്സൈസ് റേഞ്ചിന്റെ കീഴിൽ ആറ് പഞ്ചായത്തുകളാണുള്ളത്.ഇത്രയും വലിയ റേഞ്ച് പരിധിയിൽ കാര്യക്ഷമമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനത്തിന് ജീവനക്കാരുടെ അപര്യാപ്തത പലപ്പോഴും തടസമാകാറുണ്ടെങ്കിലും ഉള്ള ജീവനക്കാർ ആത്മാർത്ഥമായിട്ടാണ് ജോലി ചെയ്യുന്നത്.

ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ

ആര്യനാട് എക്സൈസ് പരിധിയിൽ ലഹരിയുടെ ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അറിയിക്കേണ്ട നമ്പർ 9400069419,എക്സൈസ് കമ്മീഷണറുടെ പരാതി സെൽ നമ്പർ 9061178000, 9447178000.