
ധനുഷിനെതിരെ തുറന്നടിച്ച് നയൻതാര. നയൻതാര : ബിയോണ്ട് ദ ഫെയിറി ടെയ്ൽ എന്ന നെറ്റ് ഫ്ളിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയാണ് താര പോര്. ധനുഷ് നിർമ്മാതാവായ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ സിനിമയിലെ ഭാഗങ്ങൾ നയൻതാരയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ഉപയോഗിക്കുന്നതിനെച്ചാെല്ലിയാണ് തർക്കം. നയൻതാരയാണ് നാനും റൗഡി താൻ സിനിമയിൽനായിക. നാനും റൗഡി താൻ സിനിമയിൽ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബി.ടി.എസ് ദൃശ്യങ്ങളും ഉപയോഗിക്കാൻ ധനുഷ് അനുമതി നൽകിയില്ലെന്നാണ് നയൻതാരയുടെ ആരോപണം. മൂന്ന് സെക്കൻഡ് മാത്രമുള്ള ബി.ടി.എസ് വീഡിയോ ഉപയോഗിച്ചതിന് പത്ത് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് കോടതിയെ സമീപിച്ചെന്ന് നയൻതാര പറയുന്നു.
ഒാഡിയോ ലോഞ്ചുകളിൽ കാണുന്ന മുഖം അല്ല യഥാർത്ഥത്തിൽ ധനുഷിന്റേത്. മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തി. കോടതിയിൽ കള്ളക്കഥകൾ മെനഞ്ഞ് താങ്കൾ ന്യായീകരിക്കാൻ ശ്രമിക്കുമായിരിക്കും. ദൈവം എല്ലാം കാണുന്നുണ്ടെന്നും ധനുഷ് മറ്റുള്ളവരുടെ ദൗർഭാഗ്യങ്ങളിൽ സന്തോഷിക്കുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു. ധനുഷിൽ നിന്ന് എൻ.ഒ.സി ലഭിക്കാത്തതിനാൽ ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടിവന്നുവെന്നും അതാണ് റിലീസ് രണ്ടുവർഷം വൈകിയതെന്നും നയൻതാര . മൂന്നുപേജുള്ള തുറന്ന കത്തിലൂടെയാണ് ധനുഷിനെതിരെ നയൻതാര രംഗത്തുവന്നത്.
നയൻതാരയുടെ ജന്മദിനമായ നാളെയാണ് ഡോക്യുമെന്ററിയുടെ റിലീസ് . നാനും റൗഡി താൻ സിനിമയിൽ നിന്നുള്ള ബി.ടി.എസ് വീഡിയോയില്ലാതെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത്.