
വെഞ്ഞാറമൂട്: അപകടങ്ങൾ തുടർക്കഥയായി സംസ്ഥാനപാത, അതിസുരക്ഷാ ഇടനാഴി പദ്ധതി പാതി വഴിയിൽ! സംസ്ഥാന പാതയിൽ തൈക്കാട് മുതൽ വാമനപുരം വരെയുള്ള ഭാഗമാണ് പ്രധാനമായും അപകട മേഖലയാകുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഈ ഭാഗത്ത് ചെറുതും വലുതുമായ മുപ്പതോളം അപകടങ്ങളാണുണ്ടായത്. ഇതിൽ 25 പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട വാമനപുരം ജംഗ്ഷനും ഈ മേഖലയിലാണ്.
റോഡപകടങ്ങളുടെ തീവ്രതയും എണ്ണവും കുറയ്ക്കുന്നതിനുവേണ്ടി ആരംഭിച്ച അതിസുരക്ഷാ ഇടനാഴി പദ്ധതി എങ്ങുമെത്തിയില്ല. റോഡപകടങ്ങളും മരണനിരക്കും പ്രതിദിനം വർദ്ധിക്കുകയാണ്. പദ്ധതിയിലൂടെ നഷ്ടപ്പെട്ടത് കോടികളാണ്. കഴക്കൂട്ടം-അടൂർ റോഡാണ് അതിസുരക്ഷാ ഇടനാഴിയായി പ്രഖ്യാപിച്ച് പദ്ധതി തയാറാക്കി നടപ്പിലാക്കാൻ ആരംഭിച്ചത്.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട എന്നീ 3 ജില്ലകളിലൂടെ കടന്നുപോകുന്ന കഴക്കൂട്ടം-അടൂർ റോഡിന് 78.65 കി.മീറ്റർ നീളമുണ്ട്. മൊത്തം ചെലവ് 146.67 കോടി രൂപ. 33 ജംഗ്ഷനുകളുടെ നവീകരണം, സ്‌കൂൾ മേഖലയിൽ ഗേറ്റ് വേ ട്രീറ്റ്മെന്റ്,സോളാർ ലൈറ്റിംഗ്, ആധുനിക റോഡ് മാർക്കിംഗ്,ദിശാ ബോർഡുകൾ,ക്രാഷ് ബാരിയറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സുരക്ഷാവീഥി. റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കുന്നതിന് 28.2 കോടി രൂപ ചെലവിൽ പോസ്റ്റ് ക്രാഷ് ട്രോമ കെയർ സംവിധാനങ്ങളുമുണ്ട്.
സൗകര്യങ്ങളും സജ്ജീകരണങ്ങളും
സുരക്ഷാ ഇടനാഴിയോടനുബന്ധിച്ചുള്ള പ്രദേശങ്ങളിലെ പ്രധാന സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നതിനും തുക വകയിരുത്തിയിരുന്നു. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, അടൂർ ജനറൽ ആശുപത്രി, വാമനപുരത്തെയും കന്യാകുളങ്ങരയിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സൗകര്യങ്ങളാണ് പ്രധാനമായും വർദ്ധിപ്പിക്കുന്നതിനു തീരുമാനിച്ചിരുന്നത്.
റോഡ് സുരക്ഷയ്ക്കും പ്രാധാന്യം
5വർഷത്തെ റോഡ് പരിപാലനവും ഈ പദ്ധതിയുടെ കരാറിന്റെ ഭാഗമാണ്. റോഡ് വികസനത്തോടൊപ്പം റോഡ് സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നൽകുന്ന പദ്ധതിയാണിത്. അന്തർദേശീയ നിലവാരമുള്ള മാതൃകാ സുരക്ഷാ റോഡാണിത്. റോഡ് അപകടങ്ങളുടെ എണ്ണവും തീവ്രതയും അതുവഴി മരണനിരക്കും കുറയ്ക്കുന്നതിന് ലോകബാങ്ക് സഹായത്തോടെയാണ് റോഡ് സുരക്ഷാ കർമ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിയുടെ തുടക്കത്തിൽ ആവേശത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പിന്നീട് പാതിവഴിയിൽ നിറുത്തിവച്ചു.
അപകട സാദ്ധ്യതാമേഖല
കൂടുതൽ അപകട സാദ്ധ്യതയുള്ള റോഡുകളുടെ പട്ടികയിൽ കഴക്കൂട്ടം മുതൽ കിളിമാനൂർ വരെയുള്ള ഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കാൻ അനുവദിച്ച തുകയിൽ ബാക്കി ഏതു മേഖലയിൽ ചെലവഴിച്ചുവെന്നും കണക്കില്ല. റോഡിനു മതിയായ വീതിയും ദിശാ ബോർഡുകളും ഇല്ലാത്തതാണ് കൂടുതൽ അപകടം നടക്കുന്നതിനു കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.