റെക്കാഡ് കുതിപ്പിൽ നാളികേരം വില
ആറ്റിങ്ങൽ: തേങ്ങവില ദിനംപ്രതി കുതിച്ചുയരുന്നതോടെ അടുക്കളവിഭവങ്ങൾക്കിനി രുചി കുറയും. വെളിച്ചെണ്ണയും തേങ്ങയും കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാം. നാളികേര വില സർവകാല റെക്കാഡിലേക്കെത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാളികേരത്തിന് കിലോയ്ക്ക് 65 മുതൽ 75 രൂപയായി ഉയർന്നു.വലിയ തേങ്ങ ഒരെണ്ണത്തിന് 33രൂപയും ചെറുതിന് 25 രൂപയുമാണ് വിപണിയിലെ വില്പനവില. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ ചില്ലറ വില്പന കിലോയ്ക്ക് 65 രൂപയാണ്. നാടൻ തേങ്ങയെന്ന് അവകാശപ്പെടുന്നതിന് കിലോയ്ക്ക് 75 രൂപയും. രാജ്യത്ത് നാളികേരത്തിന്റെ ഉത്പാദനത്തിൽ 25 ശതമാനം കുറവുണ്ടായെന്ന് വ്യാപാരികൾ പറയുന്നു. ഇതിന് പുറമേ സംസ്ഥാനത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ പൊതുവെ നാളികേരത്തിന് ഉത്പാദന ഇടിവ് നേരിടാറുണ്ടന്നും പറയുന്നു. നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞെങ്കിലും അതിനായുള്ള ഡിമാൻഡിന് കുറവൊന്നുമില്ല. രാജ്യത്തെ പ്രധാന നാളികേര ഉത്പ്പാദന സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെല്ലാം നാളികേരത്തിന്റെ ഉത്പാദനം വളരെയധികം കുറയുകയാണ്. ഇതിനിടയിൽ ശബരിമല സീസൺ ആരംഭിക്കുന്നതോടെ ആവശ്യക്കാരുടെ എണ്ണവും വർദ്ധിക്കും. തീർത്ഥാടന വേളയിൽ ഭക്തർ നാളികേരമാണ് നെയ്യ് നിറച്ച് കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്നത്. നാളികേരത്തിന്റെ വില കൂടിയതോടെ വെളിച്ചെണ്ണ വിലയും ഉയർന്ന് 240 മുതൽ 260 രൂപ വരെയെത്തി. തേങ്ങയ്ക്കും എണ്ണയ്ക്കും പച്ചക്കറിയ്ക്കും വില കൂടിയതോടെ അടുക്കള ബഡ്ജറ്റ് താളം തെറ്റിയ നിലയിലാണ്. വെളുത്തുള്ളി വില കിലോയ്ക്ക് 450ൽ എത്തി നിൽക്കുന്നു.
നാളികേരം വില - 75 രൂപ