a

കടയ്ക്കാവൂർ: ചെളിയും വെള്ളക്കെട്ടുമായ ഒരു റോഡ് കാരണം ടൂറിസം മേഖലയിൽ ഭാവിയിൽ അനന്തസാദ്ധ്യതകളുള്ള കടയ്ക്കാവൂർ പഞ്ചായത്തിലെ കിടാരി പാർക്കും ഫാം ടൂറിസവും അടച്ചുപൂട്ടലിന്റെ വക്കിൽ. വിവിധയിനം പശുക്കൾ, ആടുകൾ, കോഴി, താറാവ് തുടങ്ങി നിരവധി വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് നിലവിൽ പ്രതിസന്ധിയിലാണ്. ഫാം ടൂറിസം കാണാനെത്തുന്ന സഞ്ചാരികളിൽ നിന്നുള്ള വരുമാനമാണ് ആകെയുള്ളത്. എന്നാൽ ഇവിടേക്കുള്ള റോഡ് തകർന്നതോടെ സഞ്ചാരികൾ എത്താതായി. ഇതോടെ വരമാനവും കുറഞ്ഞു. 200 മീറ്റർ മാത്രം വരുന്ന പഞ്ചായത്ത് റോഡ് തകർന്നിട്ട് വർഷങ്ങളായി. ഈ റോഡ് നന്നാക്കണമെന്ന ആവശ്യവുമായി അധികൃതരോടാവശ്യപ്പെട്ടിട്ടും നടപടി മാത്രമില്ല. ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. 2018ൽ തുടങ്ങിയ ഫാം ടൂറിസം ഏകദേശം ഒരു കോടി രൂപയോളം ഇൻവെസ്റ്റ് ചെയ്ത ഈ സ്ഥാപനം തുടക്കത്തിൽ നല്ല വരുമാനം ഉണ്ടായിരുന്നു. പക്ഷേ ഇന്ന് യാത്രാസൗകര്യമില്ലാത്തതിനാൽ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

 തോടാകും റോഡ്

റോഡിന്റെ ഏകദേശം 400 മീറ്ററോളം ഭാഗം മൺ റോഡാണ്. അതിൽ 100 മീറ്റർ തോടിന്റെ സൈഡിലൂടെയാണ് കടന്നുപോകുന്നത്.

മഴ തുടങ്ങിയാൽ ഇവിടം ചെളിക്കുളമാകും. ഗതാഗതം പൂർണമായും നിലയ്ക്കും. വാഹനങ്ങൾ ചെളിയിൽ പുതഞ്ഞ് കെട്ടിവലിച്ച് കൊണ്ടുവരേണ്ട അവസ്ഥയാകും. അപകടങ്ങൾ തുടർച്ചയായതോടെ സഞ്ചാരികൾ കിടാരിപ്പാർക്കിനെ ഉപേക്ഷിച്ചു. ഇതോടെ സ്ഥാപനം നഷ്ടത്തിന്റെ പടികൾ കയറാൻ തുടങ്ങി.

 ബാദ്ധ്യതകൾ ഏറുന്നു

പക്ഷിമൃഗാദികളുടെ തീറ്റയും ജീവനക്കാരുടെ ശമ്പളവും വെള്ളവും ഉൾപ്പെടെ ലക്ഷങ്ങൾക്ക് മുകളിൽ ചെലവുവരും. ബാങ്കിൽ നിന്നും എടുത്ത ലോൺ അടയ്ക്കാൻ ആസ്തികൾ ഓരോന്ന് വിൽക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 4 ലക്ഷം രൂപ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനുവേണ്ടി വകകൊള്ളിച്ചെങ്കിലും പിന്നീട് നിർമ്മാണം ഉപേക്ഷിച്ചു.

വാമനപുരം നദിയോടു ചേർന്ന് ആറ് ഏക്കർ സ്ഥലത്താണ് കേരള അഗ്രി ടൂറിസം നെറ്റ്‌വർക്കിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ മിക്സ‌ഡ് ഫാം സ്ഥിതിചെയ്യുന്നത്. ഇരുന്നൂറിൽപ്പരം പശുക്കളുമായി സംസ്ഥാന സർക്കാരിന്റെ ഡെയറി ഡിപാർട്ട്മെന്റിന് കീഴിലുള്ള കിടാരി പാർക്ക്, നബാർഡിന്റെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ മലബാറി ആടിന്റെ പ്രജനന യൂണിറ്റ്,കുട്ടനാടൻ ചാര ചെമ്പല്ലി ഇനത്തിൽപെട്ട താറാവുകൾ, മണിത്താറാവുകൾ, അരയന്നങ്ങൾ, കരിങ്കോഴി, ഗിനിക്കോഴി, ടർക്കിക്കോഴി ഫാം, തനി നാടൻ കോഴികൾ,തേനീച്ച വളർത്തൽ,ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയുള്ള മീൻ വളർത്തൽ പദ്ധതികൾ, ആറ്റിങ്ങൽ അസോള ഫാം എന്നിവയും ഇവിടെയുണ്ട്.