
തിരുവനന്തപുരത്തെ കോളേജ് ഒഫ് ഫൈൻ ആർട്സിന്റെ ആദ്യ പ്രിൻസിപ്പാൾ, മികച്ച കലാദ്ധ്യാപകൻ, മികച്ച ചിത്രകാരൻ, കലാസ്ഥാപന മേധാവി എന്നീ നിലകളിലൊക്കെ ചിത്ര, ശില്പ കലാരംഗത്ത് ശ്രദ്ധേയനായിരുന്ന സി.എൽ. പാെറിഞ്ചുക്കുട്ടി വിടപറഞ്ഞിട്ട് ഇന്ന് ഒരാണ്ടു പിന്നിടുന്നു. ഇന്ത്യൻ ചിത്രകലാരംഗത്ത് ശക്തമായ അടയാളപ്പെടുത്തലുകൾ നൽകി പുത്തനുണർവ് പകരുന്നതിൽ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സി.എൽ. പൊറിഞ്ചുക്കുട്ടിയുടേത്. കലാദ്ധ്യാപന രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾക്കപ്പുറമുള്ള കാഴ്ചപ്പാട് അദ്ദേഹത്തിന്റെ കർമ്മമണ്ഡലത്തെ സവിശേഷമാക്കിയിരുന്നു.
സംസ്ഥാനത്തെ സ്കൂൾ ഒഫ് ആർട്സുകൾ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത് 1975-76 ലാണ്. അതിന്റെ തുടക്കമായിരുന്നു തിരുവനന്തപുരത്തെ സ്കൂൾ ഒഫ് ആർട്സ്, കോളേജ് ഒഫ് ഫൈനാർട്സ് ആക്കി ഉയർത്തുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ സഹായത്തോടെ നിരന്തര സമരങ്ങൾക്കും പരിശ്രമങ്ങൾക്കും ഒടുവിൽ അത് നടപ്പിലാക്കാൻ കഴിഞ്ഞു. അതുപോലെ പ്രാധാന്യമുള്ളതായിരുന്നു വാസ്തുശില്പകലയുടെ സൗന്ദര്യം തൊട്ടറിയുന്ന സ്കൂൾ ഒഫ് ആർട്സ് മന്ദിരം പൊളിച്ച്, പുതിയ കെട്ടിടം പണിയാനുള്ള സർക്കാർ തീരുമാനം തിരുത്തിക്കുറിച്ചത്. ആ മന്ദിരം തിരുവനന്തപുരത്തിന്റെ നഗരശോഭയ്ക്ക് ഇപ്പോഴും മാറ്റു കൂട്ടുമ്പോൾ പൊറിഞ്ചുക്കുട്ടി സാറിന്റെ പങ്കും മറക്കാനാവില്ല.
കലാവിദ്യാഭ്യാസത്തിന് കാലാനുസൃത മാറ്റങ്ങളോടെ സിലബസ് പരിഷ്കരണം, പരീക്ഷയ്ക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ, യൂണിവേഴ്സിറ്റി തലത്തിൽ ഫൈൻ ആർട്സ് ഉപരിപഠന സമിതികൾ, കെ.ജി.ഡി ഫൈൻ ആർട്സ് സിലബസ് തുടങ്ങി കലാ പഠനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഇടപെടലുകൾ എണ്ണിപ്പറയാൻ നിരവധി. കലയിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും പ്രത്യയശാസ്ത്ര നിലപാടുകളും ധൈര്യപൂർവം അദ്ദേഹം അവതരിപ്പിച്ചിരുന്നു; പ്രത്യേകിച്ച് കുട്ടികളോട്. അതെല്ലാം ചിത്ര. ശില്പ കലകളുടെയും കലാസ്ഥാപനങ്ങളുടെയും വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട്.
പരമ്പരാഗത കൈവേലകളും കൈത്തൊഴിലുകളും പഠിപ്പിച്ചിരുന്ന സ്ഥാപനത്തിൽ നിന്ന് കോളേജ് ഒഫ് ഫൈൻ ആർട്സ് എന്ന കലാപഠന സ്ഥാപനത്തിലേക്കുള്ള മാറ്റത്തിന് ആധുനിക ഇന്ത്യൻ ചിത്രകലയിലെ ചരിത്രവഴികളിൽ കേരളത്തിന്റെ സ്ഥാനമുറപ്പിക്കുക കൂടിയായിരുന്നു ലക്ഷ്യമെന്നത് പിൽക്കാല യാഥാർത്ഥ്യം. ഇന്ത്യയിൽ അറിയപ്പെടുന്ന കലാ സ്ഥാപനങ്ങളിലൊന്നായി തിരുവനന്തപുരം കോളേജ് ഒഫ് ഫൈൻ ആർട്സ് അംഗീകരിക്കപ്പെടുന്നതും അവിടെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധേയരാകുന്നതിലുമുള്ള സ്ഥാപനത്തിന്റെ ആദരവിനൊപ്പം സി.എൽ. പൊറിഞ്ചുകുട്ടി എന്ന പേരും ചേർത്തുവയ്ക്കേണ്ടതുണ്ട്.
കലാദ്ധ്യാപകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും അക്കാല വിദ്യാർത്ഥികൾക്ക് മറക്കാനാവുന്നതല്ല. ഈ ലേഖകൻ വിദ്യാർത്ഥിയായി ചേരുന്ന കാലത്ത് പൊറിഞ്ചുക്കുട്ടി സാർ സ്ഥാപനത്തിന്റെ മേധാവിയായിരുന്നു. ഇടയ്ക്കിടെ ക്ളാസുകൾ സന്ദർശിക്കുകയും കുട്ടികളുടെ രചനകൾ പരിശോധിക്കുകയും ചെയ്യുന്ന പതിവിലൂടെ കലയിലെ പുതിയ കാഴ്ചപ്പാടുകളാണ് അദ്ദേഹം കുട്ടികളുമായി പങ്കുവച്ചിരുന്നത്. യഥാതഥമായ ശൈലീ സങ്കേതങ്ങളിലൂടെയുള്ള പഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വരയ്ക്കുന്ന വസ്തുവിന്റെ സ്വഭാവം, കാഴ്ചയ്ക്കപ്പുറത്തെ ചിന്തയുടെയും ഭാവനയുടെയും പുതിയൊരു വാതായനമാക്കി കുട്ടികൾക്കു മുന്നിൽ അദ്ദേഹം തുറന്നുകാട്ടി. അതുകൊണ്ട് ഭയപ്പാടില്ലാതെ രേഖകളും രൂപങ്ങളും വർണങ്ങളും ശക്തമായി പ്രയോഗിക്കുവാനും, ചിത്ര, ശില്പകലാരംഗത്ത് ക്രിയാത്മകനായി പ്രവർത്തിക്കുവാനും അദ്ദേഹത്തിന്റെ ശിഷ്യർക്ക് കഴിഞ്ഞു എന്നതും യാഥാർത്ഥ്യം.
ഇന്ത്യൻ ചിത്രകല വൈവിദ്ധ്യപൂർണവും ശക്തവുമായ അടയാളപ്പെടുത്തലുകളിലൂടെ സജീവമാകുന്ന കാലത്താണ് സ്വന്തം ചിത്രങ്ങളിലെ ലാളിത്യം കൊണ്ടും ദാർശനിക മാനങ്ങൾ കൊണ്ടും സി.എൽ. പൊറിഞ്ചുക്കുട്ടിയുടെ രചനകൾ ശ്രദ്ധേയമാകുന്നത്. കലയുടെ പ്രായോഗികതയിലൂടെ ആഴത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചിത്രകലാ മേഖലയ്ക്ക് പുതിയൊരു ദിശാബോധം നൽകുകയും ചെയ്ത ചിത്രകാരനായിരുന്നു അദ്ദേഹം. നിരന്തരം ചിത്രപ്രദർശനങ്ങൾ നടത്തുന്നതിലോ ആൾക്കൂട്ടങ്ങളിലോ സജീവമാകാതിരുന്ന അദ്ദേഹം ചിത്ര, ശില്പ കലാപഠന രംഗത്താണ് കൂടുതൽ ശ്രദ്ധിച്ചത്. തന്റെ ചിന്തയിലൂടെയും ആശയങ്ങളിലൂടെയും വികസിപ്പിച്ചെടുത്ത രേഖയും രൂപവും വർണവും ഉൾക്കരുത്തോടെ, നവീന ശൈലീസങ്കേതങ്ങളിലൂടെ ആവിഷ്കരിക്കുവാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചു.
തീവ്ര വർണങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള നിറസമൃദ്ധിയായിരുന്നു, ഒരു കുട്ടിയുടെ നിഷ്ക്കളങ്ക മനസിനെ ഓർമ്മിപ്പിക്കുന്നതു പോലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ. സാധാരണ മനുഷ്യരെ, പ്രകൃതിയെ, ഗ്രാമ ദൃശ്യങ്ങളെയൊക്കെ സ്നേഹത്തിന്റെയും ശക്തിയുടെയും നിറങ്ങൾ ചാലിച്ചുചേർത്ത് തന്റെ ചിത്രതലങ്ങൾ പൊറിഞ്ചുക്കുട്ടി വർണാഭമാക്കി. 1932 ൽ തൃശൂരിലെ ചിറനെല്ലൂരിൽ ജനിച്ച സി.എൽ. പൊറിഞ്ചുക്കുട്ടി ചിത്രകലയിൽ ഡിപ്ളോമ നേടിയ ശേഷമാണ് ജയ്‌പൂർ സർവകലാശാലയിൽ ഉപരിപഠനം നടത്തുന്നത്.
മാവേലിക്കര രവിവർമ്മ ഇൻസ്റ്റിറ്റ്യൂട്ടിൽ കലാദ്ധ്യാപകനായി ചേർന്ന അദ്ദേഹം കോളേജ് ഒഫ് ഫൈനാർട്സിൽ ദീർഘകാലം പ്രിൻസിപ്പാളായിരുന്ന ശേഷമാണ് വിരമിച്ചത്. കേന്ദ്ര ലളിതകലാ അക്കാഡമി സെക്രട്ടറി, ചെയർമാൻ, കേരള ലളിതകലാ അക്കാഡമി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സി.എൽ. പൊറിഞ്ചുക്കുട്ടിക്ക് സംസ്ഥാനത്ത് കലാരംഗത്തുനൽകുന്ന ഉയർന്ന ബഹുമതിയായ രാജാ രവിവർമ്മ പുരസ്കാരമടക്കമുള്ള അംഗീകാരങ്ങളും ദേശീയ അന്തർദേശീയ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
(കെ.ജി.ഡി ഫൈനാർട്സ് പരീക്ഷാ ബോർഡ് മുൻ ചെയർമാനാണ് ലേഖകൻ. 94470 93202)