
കിളിമാനൂർ: മദ്യലഹരിയിലായിരുന്ന അയൽവാസിയുടെ വെട്ടേറ്റ് മരിച്ച ഗൃഹനാഥന് നാടിന്റെ യാത്രാമൊഴി. പേടികുളം ഉലങ്കത്തറ ക്ഷേത്രത്തിനു സമീപം കാട്ടുവിള വീട്ടിൽ ചൂളത്തൊഴിലാളിയായ ബാബുരാജാണ് (65) വെള്ളിയാഴ്ച രാത്രി 9.30ഓടെ സമീപവാസിയായ സുനിൽകുമാറിന്റെ വെട്ടേറ്റ് മരിച്ചത്.ബാബുരാജിന്റെ വീടിന് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിൽ വീടിന് മുന്നിൽ നിന്ന് അസഭ്യം വിളിച്ച സുനിൽകുമാറിനോട് മാറിപ്പോകാൻ ആവശ്യപ്പെട്ടതോടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഇയാൾ ബാബുരാജിനെ വെട്ടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.പൊലീസെത്തി ബാബുരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം സ്വന്തം വീടിന്റെ സിറ്റൗട്ടിൽ പോയിക്കിടന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി. ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചു ലാലിന്റെ നേതൃത്വത്തിൽ കിളിമാനൂർ സി.ഐ ബി.ജയൻ,എസ്.ഐമാരായ നിസാറുദിൻ, ഷാജു, സി.പി.ഒമാരായ ഷാജി, അജി, കണ്ണൻപിള്ള എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് 5ഓടെ ബാബുരാജിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചു ലാൽ,കിളിമാനൂർ സി.ഐ ബി.ജയൻ,ഫോറൻസിക്, ഫിംഗർ പ്രിന്റ് അംഗങ്ങളും കൊലപാതകം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.
കൊലപാതകത്തിൽ നടുങ്ങി
ഇലങ്കത്തറ ക്ഷേത്രത്തിനു സമീപമാണ് ബാബുരാജിന്റെ വീട്. വൃശ്ചിക പൂജയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾക്കായി ക്ഷേത്രത്തിലേക്ക് പോകുന്ന വഴി ബാബുരാജിനെ കണ്ട് കുശലം പറഞ്ഞുപോയ പരിചയക്കാർ തിരികെ വരുമ്പോൾ കേട്ടത് നടുക്കുന്ന കൊലപാതക വാർത്തയാണ്.
ഭാര്യാമാതാവിന് സുഖമില്ലാതിരുന്നതിനാൽ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നതിനാൽ ബാബുരാജ് തനിച്ചായിരുന്നു വീട്ടിൽ.ശാന്ത സ്വഭാവക്കാരനായ ബാബുരാജിനെക്കുറിച്ച് നാട്ടുകാർക്ക് നല്ലതേ പറയാനുള്ളൂ.നാട്ടിൽ എന്തുസംഭവം നടന്നാലും മുന്നിലുണ്ടാകും.വെള്ളിയാഴ്ച ബാബുരാജ് ജോലിക്ക് പോയിരുന്നില്ല.
രാത്രി 9ഓടെ സമീപത്തുള്ള അനുജൻ കുട്ടന്റെ വീട്ടിൽ വെള്ളമെടുക്കാനായി ബാബുരാജ് എത്തിയിരുന്നു.അപ്പോൾ സുനിൽകുമാർ വീടിന് മുന്നിൽ നിന്ന് ബഹളം വയ്ക്കുന്നതായി അനുജനോട് പറഞ്ഞിരുന്നു.
എന്നാൽ അങ്ങോട്ട് പോകണ്ടെന്ന് പറഞ്ഞിരുന്നെന്ന് കുട്ടൻ പറയുന്നു.ചേട്ടൻ തിരികെപോയി കുറച്ച് കഴിഞ്ഞപ്പോൾ വലിയ നിലവിളി കേട്ടെന്നും,ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ചേട്ടനെയാണ് കണ്ടതെന്നും ഇയാൾ പറഞ്ഞു.
പ്രതി സ്ഥിരം ശല്യക്കാരൻ
പ്രവാസിയായിരുന്ന സുനിൽകുമാർ കുണ്ടറ സ്വദേശിയാണ്. ഇവിടെ ഭാര്യയുടെ സ്ഥലമാണ്.പ്രദേശവാസികൾക്ക് സ്ഥിരം ശല്യക്കാരനാണെന്നും മദ്യപിച്ചുകഴിഞ്ഞാൽ റോഡിലൂടെ പോകുന്നവരെ മർദ്ദിക്കാൻ ഓടിക്കുന്നത് പതിവാണെന്നും അയൽവാസികൾ പറയുന്നു.മദ്യം മാത്രമല്ല മറ്റ് ലഹരി പദാർത്ഥങ്ങൾക്കും അടിമയാണ് പ്രതിയെന്ന് നാട്ടുകാർ പറയുന്നു.പകൽ സമയങ്ങളിൽ യാതൊരു കുഴപ്പവുമില്ലാത്ത പ്രതി രാത്രി 7മുതൽ പുലരും വരെ ബഹളവും, അയൽവാസികൾക്ക് ശല്യവുമാണ്.
ബാബുരാജിന്റെ കുടുംബവും സുനിൽ കുമാറിന്റെ ഭാര്യാകുടുംബവും അകന്ന ബന്ധുക്കളാണ്.ഇവർ തമ്മിൽ യാതൊരു മുൻ വൈരാഗ്യമോ,പിണക്കമോ ഇല്ലെന്നും ബന്ധുക്കൾ പറയുന്നു.മദ്യപിച്ചാൽ ശല്യക്കാരനായ പ്രതിയുടെ ഭാര്യയും മക്കളും സമീപത്തുള്ള കുടുംബ വീട്ടിലാണ് കഴിയുന്നത്. നിരവധിതവണ ഇയാൾക്കെതിരെ നാട്ടുകാർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ബാബുരാജിന്റെ ഭാര്യ: പ്രമീള.മക്കൾ: രേവതി,അഭിഷേക്.