കേരളം ഭൂമി കൈമാറാത്തത് പ്രതിസന്ധി
തിരുവനന്തപുരം: കന്യാകുമാരിയിലേക്കുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കൽ ഇനിയും വൈകും. 2025 മാർച്ചിൽ പൂർത്തിയാക്കേണ്ട പദ്ധതിയുടെ കാലാവധി 2026 ഡിസംബറിലേക്ക് നീട്ടി. കേരളത്തിൽ ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിലെ കാലതാമസമാണ് പദ്ധതി വൈകാനിടയാക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.
2017- 18ലാണ് തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കൽ പദ്ധതി ആരംഭിച്ചത്. ആകെ 86.56കിലോമീറ്ററാണ് നീളം. ഇതിൽ 30.56 കിലോമീറ്റർ കേരളത്തിലും 56 കിലോമീറ്റർ തമിഴ്നാട്ടിലുമാണ്. തമിഴ്നാട്ടിൽ റെയിൽവേയ്ക്ക് ഭൂമിയുള്ളതിനാൽ 56ഹെക്ടർ ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. കേരളത്തിൽ 98.84 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. ആകെ 155ഹെക്ടറാണ് ആവശ്യം.
തിരുവനന്തപുരം മുതൽ നേമം വരെയുള്ള 8കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമിയാണ് ഇതുവരെ കൈമാറിയത്. നെയ്യാറ്റിൻകര പാരൂർകുഴി മുതൽ ഇരുപ്പിൽപ്പാലം വരെയുള്ള 6.35ഹെക്ടറും ഇരുപ്പിൽപ്പാലം മുതൽ പാറശാല പാലം വരെയുള്ള 9.30ഹെക്ടറും ഏറ്റെടുത്തു. ഈ മാസം റെയിൽവേയ്ക്ക് കൈമാറും. നേമം മുതൽ നെയ്യാറ്റിൻകര വരെയുള്ള ഭൂമി ഏറ്റെടുക്കാനുണ്ട്. ഇതുകൂടി ലഭിച്ചാൽ നിർമ്മാണം വേഗത്തിലാക്കുമെന്ന് റെയിൽവേ അറിയിച്ചു. നിലവിൽ നാഗർകോവിൽ മുതൽ എർണയിൽ വരെയുള്ള ഭാഗത്താണ് ജോലി നടക്കുന്നത്.
ചെലവ് കൂടി
പദ്ധതി വൈകിയതോടെ ചെലവ് 1431.9 കോടിയിൽ നിന്ന് 3785.45കോടിയായി ഉയർന്നു. ഇതുവരെ 3019.36കോടി റെയിൽവേ അനുവദിച്ചു. ബാക്കി അടുത്ത രണ്ടുബഡ്ജറ്റുകളിലായി അനുവദിക്കും. ഈ വർഷം 152.08കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. അതിൽ 78.05കോടിയും കൈമാറിയിട്ടുണ്ട്.
വൈകുന്നത് വിഴിഞ്ഞത്തിനും നഷ്ടം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ മധുരയിലേക്കും ചെന്നൈയിലേക്കുമുള്ള ചരക്ക് കടത്ത് സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് പാതയിരട്ടിപ്പിക്കൽ പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിന് അനുബന്ധമായി വിഴിഞ്ഞത്തുനിന്ന് ബാലരാമപുരത്തുവച്ച് ഈ പാതയിലേക്ക് ബന്ധിപ്പിക്കാൻ 9കിലോമീറ്റർ റെയിൽപ്പാത നിർമ്മാണവും ഇതുവരെ തുടങ്ങാനായിട്ടില്ല. അതേസമയം കന്യാകുമാരി- നാഗർകോവിൽ, നാഗർകോവിൽ- മധുര ഇരട്ടപ്പാതകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി. ഏപ്രിൽ ഒന്നുമുതൽ ഇതുവഴി ട്രെയിൻ ഗതാഗതവും തുടങ്ങി. വിഴിഞ്ഞം തുറമുഖം ഈ വർഷം പ്രവർത്തനം ആരംഭിക്കാനിരിക്കെ അനുബന്ധ റെയിൽവേ സൗകര്യമൊരുക്കാനാകാത്തത് വാണിജ്യപ്രതിസന്ധിയുണ്ടാക്കും. ഇരട്ടപ്പാത പൂർത്തിയാക്കാനാകാത്തതുമൂലം ചെന്നൈ, ബംഗളൂരു, മുംബയ് എന്നിവിടങ്ങളിൽ നിന്ന് നാഗർകോവിൽ വരെയുള്ള അതിവേഗ ട്രെയിനുകളും വന്ദേഭാരത് സർവീസും തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള സാദ്ധ്യതയും ഇല്ലാതാകും.
ആദ്യം കണക്കാക്കിയ ചെലവ് 1431.9 കോടി
പുതുക്കിയ ചെലവ് 3785.45കോടി
ഇതുവരെ ചെലവാക്കിയത് 3097.41കോടി