നിർമ്മിത ബുദ്ധിയിൽ വിസ്മയങ്ങളൊരുക്കി സംസ്ഥാന ശാസ്ത്രമേള
ആലപ്പുഴ : പട്ടുസാരിയുടുത്ത് ഗുഡ് മോണിംഗ് പറഞ്ഞ് ടീച്ചർ ക്ളാസിലേക്ക്. പ്രസന്റ് പറയാൻ വിദ്യാർത്ഥികളൊന്നും മിനക്കെടേണ്ട. ഐ.ഡി കാർഡ് ടീച്ചറിന് നേരെ നീട്ടിയാൽ മതി. അറ്റൻഡൻസ് ഓകെ. അറ്റൻഡൻസ് പൂർത്തിയായാൽ ടീച്ചർ ക്ളാസ് ആരംഭിക്കും. ഏത് ചോദ്യത്തിനും ഉത്തരവും നൽകും.
എന്നു വച്ച് കൂടുതൽ കളിക്കേണ്ട, അനാവശ്യ ചോദ്യങ്ങൾക്ക് മറുപടിയുണ്ടാകില്ല. പഠനാവശ്യത്തിനുള്ളവയ്ക്ക് മാത്രം ഉത്തരം. പട്ടുസാരിയുടുത്താണ് വരവെങ്കിലും യഥാർത്ഥ ടീച്ചറല്ല ഇത്. എ.ഐ ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടാണ്. സംസ്ഥാന ശാസ്ത്രമേളയിൽ മലപ്പുറം കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിലെ ആഗ്‌നേയ്, ഹസീഫ് മുഹമ്മദ് പി.സി എന്നീ ഒൻപതാംക്ലാസ് വിദ്യാർത്ഥികളുടെ കണ്ടെത്തലാണ് എജ്യു ബോട്ട് എ.ഐ.
എ.ഐ ടീച്ചർ ക്ളാസെടുക്കുമ്പോൾ ബഹളം വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് എഡ്യൂ ബോട്ടിൽ വീഡിയോകോൾ സൗകര്യമുള്ളതിനാൽ ബഹളക്കാരെ നിയന്ത്രിക്കാൻ യഥാർത്ഥ ക്ളാസ് ടീച്ചർ എപ്പോൾ വേണമെങ്കിലും ക്ളാസിൽ പ്രത്യക്ഷപ്പെടാം. പഠിപ്പിച്ച് ബോറടിപ്പിക്കില്ല എ.ഐ ടീച്ചർ. രസകരമായ നിരവധി ക്രാഫ്റ്റുകൾ അവരുടെ പക്കലുണ്ട്! മൂന്ന് മാസമെടുത്ത് സജ്ജമാക്കിയ എഡ്യൂ ബോട്ടിനെ
സ്വന്തം സ്‌കൂളിൽ പരീക്ഷിച്ച് വിജയം കണ്ടിട്ടാണ് ആഗ്‌നേയും ഹസീഫും ശാസ്ത്രമേളകളിലേക്ക് പുറപ്പെട്ടത്.
സെൻസർ ഗ്ളൗസുള്ളപ്പോൾ
വാക്കുകളെന്തിന് വേറെ!
സംസാരശേഷിയുള്ളവരും അതില്ലാത്തവരും തമ്മിലുള്ള ആശയകടമ്പകളും ഇനി പഴങ്കഥ! ബധിരനായ വ്യക്തിയുടെ മനസിലുള്ളത് വേറൊരാൾക്ക് മനസിലാക്കാനും എ.ഐ പിന്തുണയ്ക്കും. സൈൻ ലാംഗ്വേജ് ട്രാൻസലേറ്റർ എ.ഐ പവേഡ് എന്ന കണ്ടെത്തലിന് പിന്നിൽ കളമശ്ശേരി രാജഗിരി എച്ച്.എസ്.എസ്. പത്താംക്ളാസ് വിദ്യാർത്ഥിയായ ഋഗ്വേദ് മാനസും ഒൻപതാംക്ലാസുകാരനായ ജൊഹാൻ ബൈജുവുമാണ്! ബധിരരും മൂകരും സാധാരണക്കാരുമായി സംസാരിക്കുമ്പോഴുള്ള ആശയകുഴപ്പം പരിഹരിക്കാൻ ഇവർ സജ്ജമാക്കിയത് സെൻസറുള്ള ഗ്ലൗസാണ്. ഈ ഗ്ളൗസ് ധരിച്ച് സംസാരശേഷിയില്ലാത്തയാൾ ആംഗ്യഭാഷയിൽ സംസാരിക്കുമ്പോൾ അദ്ദേഹം എന്താണുദ്ദേശിച്ചതെന്ന് വ്യക്തമാക്കുന്ന ഓഡിയോ കേൾക്കാം. 60 ലേറെ ഭാഷകൾ പരിഭാഷപ്പെടുത്താൻ എ.ഐ ഗ്ലൗസിന് കഴിയും. വിദേശയാത്രകളിൽ ഉൾപ്പെടെ ബധിരർക്ക് ഏറെ സഹായകമാകുന്നതാണ് ഈ കണ്ടെത്തൽ !