തിരുവനന്തപുരം: നഗരസഭയ്ക്ക് മുന്നിൽ വീണ്ടും ആത്മഹത്യാഭീഷണി മുഴക്കി ശുചീകരണത്തൊഴിലാളി യൂണിയൻ. കോർപ്പറേഷന് മുന്നിൽ കുടിൽകെട്ടി സമരം 45-ാംദിനം പിന്നിടുമ്പോഴാണ് മൂന്നാംതവണ ആത്മഹത്യാ ഭീഷണിയുമായി തൊഴിലാളികൾ രംഗത്തെത്തുന്നത്. ഇന്നലെ രാവിലെ സി.പി.എമ്മിന്റെ കൊടികളുമേന്തി പെട്രോൾ കുപ്പികളും കയറുമായി നഗരസഭയ്ക്ക് മുന്നിലെ കവാടങ്ങളിൽ കയറി നിന്നാണ് തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. തൊഴിലാളികളായ ബനോയ് പാലോട്, രാജേഷ് ഏണിക്കര, ജോയ് ജോസഫ്, ശരത് എന്നിവരാണ് കവാടത്തിന് മുകളിൽ നിലയുറപ്പിച്ചത്. മറ്റുതൊഴിലാളികൾ മുദ്രാവാക്യം വിളികളുമായി കോർപ്പറേഷനുള്ളിൽ കടന്നു.നഗരസഭ ഉദ്യോഗസ്ഥർ അനധികൃതമായി പിടിച്ചുവച്ച തങ്ങളുടെ 12 മാലിന്യശേഖരണ വാഹനങ്ങൾ വിട്ടുകിട്ടണമെന്ന തൊഴിലാളികളുടെ ആവശ്യത്തിന് മേയർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാവാത്തതിനെ തുടർന്നാണ് തിരുവനന്തപുരം ജില്ലാ ശുചീകരണ തൊഴിലാളി യൂണിയൻ സമരത്തിനിറങ്ങിയത്. കവാടത്തിന് മുകളിൽ കയറി പ്രതിഷേധിച്ച നാല് ശുചീകരണ തൊഴിലാളികളെ ഫയർഫോഴ്സും പൊലീസും അനുനയിപ്പിച്ച് താഴെയിറക്കി സ്റ്റേഷനിലേക്ക് മാറ്റി.നഗരസഭയ്ക്ക് മുന്നിൽ കുടിൽകെട്ടി പ്രതിഷേധിച്ചിരുന്ന തൊഴിലാളികൾ മുദ്രാവാക്യം വിളികളുമായി അകത്തുകയറിയത് സംഘർഷാവസ്ഥയുണ്ടാക്കി. ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടന്നെങ്കിലും ഒത്തുതീർപ്പാവാത്തതോടെയാണ് സമരം ശക്തമാക്കാൻ തൊഴിലാളികൾ തീരുമാനിച്ചത്. വിളപ്പിൽശാല പ്ലാന്റ് പൂട്ടിയതോടെ മാലിന്യ സംസ്‌കരണത്തിനായി സന്നദ്ധ സേവകരുടേതടക്കം സഹായം കോർപ്പറേഷൻ തേടിയിരുന്നു. അത്തരത്തിൽ 320ഓളം ആളുകൾ ജൈവമാലിന്യശേഖരണം നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസവും ആത്മഹത്യ ഭീഷണിമുഴക്കിക്കൊണ്ട് തൊഴിലാളികൾ സമരം നടത്തിയിരുന്നു. അന്ന് മരത്തിന് മുകളിൽ കയറിയാണ് ഇവർ ആത്മഹത്യാഭീഷണി മുഴക്കിയത്. മന്ത്രി വി.ശിവൻകുട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ച പ്രകാരം ഘട്ടംഘട്ടമായി വാഹനങ്ങൾ വിട്ടുനൽകാൻ തീരുമാനിച്ചെങ്കിലും അത് നടപ്പായില്ല.
ജാതീയമായി അധിക്ഷേപിച്ചെന്ന്
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഗായത്രി ബാബു തങ്ങളെ ജാതീയമായി അധിക്ഷേപിച്ചെന്ന് യൂണിയൻ അംഗങ്ങൾ ആരോപിച്ചു.ആരോപണം ഉയർത്തിയതല്ലാതെ അവർ പരാതി നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചു.ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൺ ഗായത്രി ബാബു പ്രതികരിച്ചു.