
ശിവഗിരി: ഇന്ത്യയിലെ എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീനാരായണ പ്രസ്ഥാന ദേശീയസംഗമം ഡിസംബർ 21,22 തീയതികളിലായി ശിവഗിരിയിൽ നടക്കും. ശിവഗിരി തീർത്ഥാടനം പ്രമാണിച്ചാണിത്. തമിഴ്നാട് ഇല്ലത്ത് പിള്ളമാർ,കർണാടക-ബില്ലവ,ആന്ധ്രാ-ഈസിഗൗഡ്,ഗോവ ഗൗഡ്,മഹാരാഷ്ട്ര-ഭണ്ഡാരി,മദ്ധ്യപ്രദേശ്-ജയിംസ് വാൾഡ്,അലുവാലിയ ജയസ്വാൾ,പഞ്ചാബ് തുടങ്ങി വടക്കേ ഇന്ത്യയിലെ സമൂഹങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക സംഗമം ഡിസംബർ 22നും നടക്കും.
ഗുരുദേവന്റെ ജീവചരിത്രവും കൃതികളും ഭാരതീയ ഭാഷകളിൽ വിവർത്തനം ചെയ്യുന്നതിനെക്കുറിച്ചും ശിവഗിരിമഠത്തിന്റെ വികസന കാര്യങ്ങളെ കുറിച്ചും സംഗമത്തിൽ ചർച്ചയും തീരുമാനവും കൈക്കൊള്ളും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ,ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,എസ്. സുവർണകുമാർ,രാജേന്ദ്രബാബു അഹമ്മദാബാദ്,സുധാകരൻ ഡൽഹി,കെ. എൻ. ബാബു ചാലക്കുടി,കെ.എസ്. ശിവരാജൻ തിരുവനന്തപുരം,പ്രമീളാദേവി മദ്ധ്യപ്രദേശ്, അവിനേഗ് ഭായ് ശ്രാവൺ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.