തിരുവനന്തപുരം: ഉപഭോക്തൃ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ അദാലത്തിലൂടെ ഒത്തുതീർപ്പാക്കാനുള്ള സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ശ്രമങ്ങളോട് സഹകരിക്കാതെ കെ.എസ്.ഇ.ബി.
കമ്മിഷൻ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ അദാലത്തിൽ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിസഹകരണം കാരണം കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട ഒരു കേസ് പോലും തീർപ്പാക്കാനായില്ല. അദാലത്തിൽ എട്ട് ഉദ്യോഗസ്ഥർ പങ്കെടുത്തെങ്കിലും ഒത്തുതീർപ്പിന് ഇവർ തയ്യാറായില്ലെന്നാണ് ആക്ഷേപം. വകുപ്പിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി പങ്കെടുക്കുന്ന അദാലത്തുകളിൽ ഇനി പങ്കെടുക്കേണ്ടതില്ലെന്ന് ഉപഭോക്തൃ കോടതി അഭിഭാഷകരുടെ തീരുമാനം.
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും ചേർന്ന് സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ ആസ്ഥാനത്തായിരുന്നു അദാലത്ത് നടത്തിയത്. വിവിധ മേഖലകളിലായി ആകെ 51 കേസുകളാണ് ഇന്നലെ പരിഗണിച്ചു. 42 പേർ പങ്കെടുത്തപ്പോൾ 9 പരാതിക്കാരെത്തിയില്ല. 18 കേസുകൾ കെ.എസ്.ഇ.ബിയുടെയും 15 കേസുകൾ വാട്ടർ അതോറിട്ടിയുടെയും 12 എണ്ണം സ്വകാര്യ മേഖലയിലുള്ളതുമായിരുന്നു. വാട്ടർ അതോറിട്ടിയുടെ 12 കേസുകളിൽ രണ്ടുപേരുടെ കേസുകൾ പരിഹരിച്ചു.
ഒരുതരത്തിലും സമവായങ്ങൾക്ക് വഴങ്ങാതെ കേസുകൾ വർഷങ്ങൾ നീട്ടിക്കൊണ്ടുപോയ ശേഷം വൻതുക കുടിശിക വരുത്തുകയും അതിന്റെ 18 ശതമാനം പലിശയും ഈടാക്കുന്ന രീതിയാണ് കെ.എസ്.ഇ.ബി ചെയ്യുന്നതെന്ന് അഭിഭാഷകർ പറഞ്ഞു.
കേസ് തീർപ്പാക്കിയില്ലെങ്കിലും ഇവർക്ക് ടി.എ,ഡി.എ എന്നിവ കൃത്യമായി ലഭിക്കും. ഉപഭോക്തൃ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് സുധീന്ദ്രകുമാർ അദാലത്ത് ഉദ്ഘാടനം ചെയ്‌തു. കമ്മിഷൻ അംഗങ്ങളായ ഡി.അജിത്കുമാർ,കെ.ആർ.രാധാകൃഷ്ണൻ,സി.ഡി.ആർ.സി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ശശിധരൻ പിള്ള എന്നിവർ പങ്കെടുത്തു.