1

തിരുവനന്തപുരം:ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പുവരുത്തുന്നതിനും,ജീവനക്കാരുടെ കലാകായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനുമായി ജയിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ പ്രിസൺ മീറ്റ് ആരംഭിച്ചു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള ജയിൽ ജീവനക്കാർ അണിനിരക്കുന്ന കലാകായിക മാമാങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.പൂജപ്പുര സെൻട്രൽ ജയിലിലെ കളിക്കളത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ മുഖ്യാതിഥിയായി.മുൻ ഇന്ത്യൻ എ ക്രിക്കറ്റ് ടീം താരം വി.എ.ജഗദീഷ് വിശിഷ്ടാതിഥിയായി.ദക്ഷിണ മേഖല ഡി.ഐ.ജി ആൻഡ് സിക്കാ ഡയറക്ടർ സത്യരാജ് അദ്ധ്യക്ഷനായി.പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് സജീവ്,ജില്ലാ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ് എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി തിരുവനന്തപുരം സിക്ക ഓഫീസിൽ നിന്ന് ജയിൽ ജീവനക്കാർ പങ്കെടുത്ത ദീപശിഖ പ്രയാണവും പതാകയുയർത്തലും നടന്നു.മൂന്ന് ദിവസങ്ങളിലായി നടത്തുന്ന കലാകായിക മാമാങ്കത്തിൽ ജനപ്രതിനിധികൾ,കായിക മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങൾ,ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. മീറ്റിന്റെ ഭാഗമായി അത്‌ലറ്റിക്സ്,ക്രിക്കറ്റ്,ഫുട്‌ബാൾ,വോളിബാൾ,കരാട്ടെ,രചനാ മത്സരങ്ങൾ,പെയിന്റിംഗ്,ചെസ്,ക്യാരംസ് തുടങ്ങിയ മത്സരങ്ങൾ നടക്കും.