ആലപ്പുഴ: പാദസ്പർശത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്നത്ര സ്മാർട്ടാണ് നന്ദിതയുടേയും നേഹയുടേയും റെയിൽവേ സ്റ്റേഷൻ! സ്മാർട്ട് റെയിൽവേസ്റ്റേഷൻ വിത്ത് ഓട്ടോമാറ്റിക് ലെവൽ ക്രോസ്.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഇന്നലെ ഏറെ ശ്രദ്ധനേടി, തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറിയിലെ നന്ദിതയുടെയും നേഹയുടെയും വർക്കിംഗ് മോഡൽ. പത്താംക്ളാസ് വിദ്യാർത്ഥികളാണ് ഇരുവരും.

സ്മാർട്ട് റെയിൽവേ സ്റ്റേഷനിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ​ ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിനടക്കം ഉപയോഗിക്കാം. എൽ.ഡി.ആർ സെൻസർ (ലൈറ്റ് ഡിപ്പൻഡന്റ് റെസിസ്റ്റർ സെൻസർ) ഉള്ളതിനാൽ ലൈറ്റുകൾ ഓണാക്കാനും അണയ്ക്കാനും മനുഷ്യ സഹായവും വേണ്ട.

ലെവൽ ക്രോസുകളിലെ അപകടങ്ങൾ തടയുന്ന ഓട്ടോമാറ്റിക് കൺട്രോൾ സംവിധാനമാണ് സ്മാർട്ട് സ്റ്റേഷന്റെ മറ്റൊരു പ്രത്യേകത. ഇൻഫ്രാറെഡ് സെൻസറിലൂടെ ട്രെയിൻ വരുന്നത് മുൻകൂട്ടി അറിയും. ഗേറ്റ് ഓട്ടോമാറ്റിക്കായി തുറക്കുകയും അടയുകയും ചെയ്തുകൊള്ളും. അൾട്രാവയലറ്റ് സെൻസർ അലാറം മുഴക്കിയും സിഗ്നൽ നൽകിയും ട്രെയിൽ വരവെ ട്രാക്ക് മുറിച്ചു കടക്കുന്നത് വിലക്കും.

ഉത്പാദനം ഇങ്ങനെ

 പീസോ ഇലക്ട്രിക് ഡിവൈസ് ഉയോഗിച്ചാണ് പ്രവർത്തനം

 യാന്ത്രിക ഊർജം വൈദ്യുതി ഊർജമാക്കി മാറ്റും

 പാദസ്പർശത്തിന്റെ മർദ്ദത്തിനനുസരിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുക

 ഇങ്ങനെ ഉണ്ടാകുന്ന ആൾട്ടർനേറ്റിവ് കറണ്ടിനെ ഡയറക്ട് കറണ്ടാക്കി ബാറ്ററിയിൽ സൂക്ഷിക്കാം

 പീസോ ഡിസ്കിലെ ഓരോ മർദ്ദത്തിൽ നിന്നും ഓരോ മില്ലിവോൾട്ട് വൈദ്യുതി ഉത്പാദിപ്പിക്കും