
ചാലക്കമ്പോളം പൈതൃക തെരുവായി വികസിപ്പിക്കണം
തിരുവനന്തപുരം: സി.പി.എം ചാല ഏരിയ സെക്രട്ടറിയായി എസ്. ജയിൽകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എൻ.സുന്ദരം പിള്ള, എസ്.സലീം, സി.എസ് സജാദ്, എസ്. ആര്യ രാജേന്ദ്രൻ, സി.ഗോപകുമാർ, എസ്. ഉണ്ണികൃഷ്ണൻ, എം.എസ് കണ്ണൻ, സി. ജയൻ, ആർ. അജിത് കുമാർ, എസ്. ജ്യോതികുമാർ, ആർ.രവീന്ദ്രൻ, വി.ഷാജി, എസ്. ശിവപ്രസാദ്, എം. സുൽഫിക്കർ, ആന്റോസുരേഷ്, എം. മണികണ്ഠൻ, പി. ആദർശ്ഖാൻ, ആർ. ഉണ്ണികൃഷ്ണൻ, എസ്. സനോബർ, എ.ഷൈന എന്നിവരാണ് മറ്റ് അംഗങ്ങൾ.
സംസ്ഥാനത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചാലക്കമ്പോളം കോഴിക്കോട് മിഠായിത്തെരുവിന്റെ മാതൃകയിൽ പൈതൃക തെരുവായി വികസിപ്പിക്കണമെന്ന് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പുനരുദ്ധാരണ പ്രവർത്തനം നേരത്തെ നിശ്ചയിച്ചതുപോലെ പൂർത്തീകരിക്കണം. പാർവതി പുത്തനാർ ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്നവരുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കണം, വിഴിഞ്ഞം ഹാർബർ വികസനവുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 22 പേർ ചർച്ചയിൽ പങ്കെടുത്തു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി.ജോയ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.പുഷ്പലത, എൻ.രതീന്ദ്രൻ, ബി.പി മുരളി, അർ.രാമു, സി.അജയകുമാർ, ഡി.കെ. മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എ. സുന്ദർ, കരമന ഹരി, പി.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം 18ന് വൈകിട്ട് അഞ്ചിന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (ഇ.കെ. നായനാർ പാർക്ക്) കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.
കോർപ്പറേഷന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തും
ഇന്നലെയും മേയർക്കെതിരെയും സർക്കാരിന്റെ പ്രവർത്തനങ്ങളെ ചൊല്ലിയും വിമർശനമുയർന്നു.അംഗങ്ങളും വിമർശനങ്ങൾ മറുപടി പ്രസംഗത്തിൽ നേതാക്കൾ ശരിവച്ചു.പലതും നേരത്തെയുണ്ടായ കാര്യങ്ങളാണ്. അവയിലൊക്കെ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പാർട്ടി ജില്ലാ സെക്രട്ടറി നേരിട്ടാണ് നിയന്ത്രിക്കുന്നത്. ഇനി അവിടെയും മാറ്റങ്ങളുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.